അഹ്മദാബാദ്: ഗുജറാത്തിൽ ദലിത് സമുദായത്തിൽപെട്ട ഗ്രാമ ഉപമുഖ്യനെ (ഡെപ്യൂട്ടി സർ പഞ്ച്) ക്ഷത്രിയ സമുദായത്തിൽെപട്ട സംഘം വധിച്ചു. മഞ്ജി സോളങ്കിയാണ് ബുധാനാഴ്ച ഉച ്ചക്ക് വധിക്കപ്പെട്ടത്. ഇയാൾ പൊലീസ് സംരക്ഷണംതേടി രണ്ടാഴ്ച മുമ്പ് അപേക്ഷ നൽകിയ ിരുന്നു. ഇതിൽ തീരുമാനമാകും മുമ്പാണ് കൊല. ബോതാഡ് ജില്ലയിലെ രാൺപുർ താലൂക്കിലുള്ള ജാലില ഗ്രാമത്തിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു മഞ്ജി. ഈ സമയം അക്രമികൾ കാറിലെത്തി ബൈക്കിലിടിച്ച് മഞ്ജിയെ വീഴ്ത്തി. തുടർന്ന് ഇരുമ്പുദണ്ഡ് ഉൾപ്പെടെ ഉപയോഗിച്ച് മാരകമായി മർദിച്ചു. അവശനായ മഞ്ജിയെ അഹ്മദാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഇതുസംബന്ധിച്ച് കുടുംബാംഗങ്ങൾ നൽകിയ വിവരം കൃത്യമാകാനാണ് സാധ്യതയെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ.എൻ. നാകും പറഞ്ഞു. മഞ്ജി പൊലീസ് സംരക്ഷണത്തിനായി നൽകിയ അപേക്ഷ പരിഗണിച്ചുവരികയായിരുന്നെന്ന് ബോതാഡ് എസ്.പി വ്യക്തമാക്കി. സൗരാഷ്ട്ര മേഖലയിൽ ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ദലിത് സമുദായാംഗങ്ങൾ കൊല്ലപ്പെടുന്നത്. എല്ലാ സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളത് മേൽ ജാതിക്കാരാണ്.
പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷ അധികൃതർ തുടർച്ചയായി അവഗണിച്ചതായി മഞ്ജിയുടെ കുടുംബം ആരോപിച്ചു. ഇതിനുമുമ്പ് നാലുതവണ മഞ്ജിക്കെതിരെ വധശ്രമം ഉണ്ടായതായി അദ്ദേഹത്തിെൻറ മകൻ തുഷാർ പറഞ്ഞു. കഴിഞ്ഞവർഷം മാർച്ചിൽ മഞ്ജിക്ക് കുത്തേറ്റതിനെ തുടർന്ന് പൊലീസ് സംരക്ഷണം ലഭിച്ചുവെങ്കിലും രണ്ടു മാസത്തിനുശേഷം പിൻവലിച്ചു. ഇത്തവണ ആറോളം പേർ ചേർന്നാണ് മഞ്ജിയെ ആക്രമിച്ചത്. ഇതിൽ രണ്ടാളുടെ പേര് അദ്ദേഹം മകനോട് െവളിപ്പെടുത്തിയിട്ടുണ്ട്. മുമ്പും മഞ്ജിയെ ആക്രമിച്ചയാൾ തന്നെയാണ് കൊലക്ക് പിന്നിലുള്ളതെന്ന് കുടുംബം പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
20 വർഷമായി ഗ്രാമമുഖ്യസ്ഥാനത്ത് തെൻറ കുടുംബാംഗങ്ങളാണെന്ന് തുഷാർ പറഞ്ഞു. നിലവിൽ മാതാവ് ഗീതയാണ് ഈ പദവിയിലുള്ളത്. പിതാവ് ഉപമുഖ്യനും. 2010 മുതൽ ക്ഷത്രിയരും പിതാവും തമ്മിൽ പ്രശ്നമുണ്ട്. ദലിതുകൾ ഈ സ്ഥാനത്തെത്തുന്നത് ക്ഷത്രിയർക്ക് സഹിക്കുന്നില്ല -തുഷാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.