ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിറ്റ്സർ ജേതാവ് ഡാനിഷ് സിദ്ദീഖിയുടെ കുടുംബം അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു. മകന്‍റെ കൊലക്ക് ഉത്തരവാദികളായ ഉന്നത കമാൻഡർമാരെയും താലിബാൻ നേതാക്കളെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കളായ പ്രഫ. അഖ്തർ സിദ്ദീഖി, ശാഹിത സിദ്ദീഖി എന്നിവർ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 16ന് അഫ്ഗാൻ സേനക്കൊപ്പം പാക് അതിർത്തിയോടു ചേർന്ന സ്പിൻ ബോൾഡക് ജില്ലയിൽ റിപ്പോർട്ടിങ്ങിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറായ ഡാനിഷ് കൊല്ലപ്പെടുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ ഡാനിഷിനെ, പത്രപ്രവർത്തന ജോലിക്കിടെയാണ് താലിബാൻ കൊലപ്പെടുത്തിയത്. അവരുടെ കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾക്കും അവൻ വിധേയനായെന്നും മാതാവ് ശാഹിത പറഞ്ഞു.
തങ്ങളുടെ പരാതിയിൽ ആറു ഉദ്യോഗസ്ഥരുടെ പേരുകളാണ് എടുത്തുപറഞ്ഞിരിക്കുന്നതെന്ന് കുടുംബം സമൂഹമാധ്യത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. താലിബാൻ സുപ്രീം കമാൻഡർ, താലിബാൻ ലീഡർഷിപ്പ് കൗൺസിൽ തലവൻ, മുഖ്യ വക്താവ്, താലിബാൻ പ്രതിരോധ മന്ത്രി, കാണ്ഡഹാർ ഗവർണർ, താലിബാൻ വാക്താവ് എന്നിവരുടെ പേരുകളാണ് പരാതിയിലുള്ളത്.
പത്രപ്രവർത്തകനും ഇന്ത്യക്കാരനുമായതുകൊണ്ടാണ് ഡാനിഷിനെ താലിബാൻ കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന്‍റെ അഭിഭാഷകൻ അവി സിങ് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു അന്താരാഷ്ട്ര കുറ്റകൃത്യമാണ്.
അഫ്ഗാനിസ്താനിൽ നിയമവാഴ്ചയുടെ അഭാവത്തിൽ, ഡാനിഷിന്റെ കൊലപാതകത്തിൽ അന്വേഷണം നടത്താനും കുറ്റവാളികളെ വിചാരണം ചെയ്യാനും അന്താരാഷ്ട്ര കോടതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.