പ്രീപോൾ സർവേ നടത്തി വിവരശേഖരണം: തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കുന്നു

ബംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന പുതിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഇടപെടൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്ഡേയോട് കമീഷൻ നിർദേശം നൽകി. ഡൽഹി ആസ്ഥാനമായുള്ള എ.എസ്.ആർ കൺസൾട്ടൻസി സർവിസ് പ്രൈവറ്റ് ലിമിറ്റഡിനായി മൂന്നുപേർ ഓൾഡ് ഹുബ്ബള്ളിയിലെ ആനന്ദ് നഗറിൽ പ്രീ പോൾ അഭിപ്രായ സർവേ നടത്തുന്നത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ വോട്ടർ പട്ടികയിൽനിന്ന് നീക്കുന്നതിനുമുള്ള ശ്രമമാണ് ഇതിലൂടെ നടന്നതെന്നും ആരോപിച്ച് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് ഹെഗ്ഡെ ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ വെള്ളിയാഴ്ച സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകുമെന്നും ഹെഗ്ഡേ പറഞ്ഞു.

പൊലീസിൽനിന്നോ ജില്ല ഭരണകൂടത്തിൽനിന്നോ അനുമതി വാങ്ങാതെയാണ് ഏജൻസി സർവേ നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർ ശേഖരിച്ചത് എന്തൊക്കെ വിവരങ്ങളാണ് എന്നതുസംബന്ധിച്ചും വിവരങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രജത് ഉള്ളഗദ്ദിമതാണ് പൊലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിൽനിന്നും കമീഷണർ വിരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ രജതിന് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ അക്കാര്യങ്ങൾ സംബന്ധിച്ച മെയിൽ അയക്കണമെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമീഷണർ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് നൽകിയ ഇ-മെയിലിൽ സംഭവത്തിന് പൊലീസ് കൂട്ടുനിന്നുവെന്ന് ആരോപിക്കുന്നുണ്ട്. സർവേ നടക്കുമ്പോഴും പൊലീസ് മൗനം പാലിച്ചു. സർവേ നടത്തിയ മൂന്നുപേർ ശമ്പള വ്യവസ്ഥയിൽ ഈ ഏജൻസിക്കായി ജോലി ചെയ്യുന്നവരാണ്. ഇവർ നിരപരാധികളാണ്. ഏജൻസിയുടെ മാനേജിങ് ഡയറക്ടറെയും പ്രദേശത്തെ ചുമതലക്കാരനെയും കേസിൽ ഉൾപ്പെടുത്തണമെന്നും അന്വേഷണം പൊലീസിൽനിന്ന് മാറ്റി മറ്റൊരു അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Data collection by conducting prepoll survey: Election Commission will investigates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.