ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് ഒരു ദിവസത്തിനു ശേഷം മൗനം വെടിഞ്ഞ് നവജോത് സിങ് സിദ്ദു. ഒരുപാട് ത്യാഗങ്ങൾ ചെയ്യാൻ തയാറാണെന്നും എന്നാൽ, സ്വന്തം തത്ത്വങ്ങളിൽ ഉറച്ചുനിന്ന് സത്യത്തിനു വേണ്ടി പോരാടുമെന്നും സിദ്ദു പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അഡ്വക്കറ്റ് ജനറൽ തുടങ്ങിയ നിയമനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സിദ്ദുവിെൻറ രാജി.
ചരൺജിത് സിങ് ചന്നി മന്ത്രിസഭയിലെ അംഗങ്ങളിൽ ചിലർക്കെതിരെയും സിദ്ദു വിമർശനമുന്നയിച്ചു. പല വിഷയങ്ങളിലും പാർട്ടി വിട്ടുവീഴ്ച ചെയ്യുന്നതായി കാണുന്നുവെന്ന് െപാലീസ് ഡയറക്ടർ ജനറലിെന്റ അധിക ചുമതല നൽകിയ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇഖ്ബാൽ പ്രീത് സിങ് സഹോട്ടയെ പരാമർശിച്ച് സിദ്ദു പറഞ്ഞു. ആറു വർഷം മുമ്പ് ബാദലുകൾക്ക് ക്ലീൻചിറ്റ് നൽകിയവർക്ക് ഇപ്പോൾ നീതി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2015 ലെ ഗുരു ഗ്രന്ഥ സാഹിബ് അധിക്ഷേപവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ പ്രകാശ് സിങ് ബാദലിെന്റ നേതൃത്വത്തിലുള്ള അന്നത്തെ അകാലി സർക്കാർ നിയോഗിച്ച സംഘത്തിെന്റ തലവനായിരുന്നു സഹോട്ട. ഫരീദ്കോട്ടിൽ നടന്ന സംഭവത്തിൽ ഗുരു ഗ്രന്ഥ സാഹിബ് അപമാനിക്കപ്പെട്ടുവെന്നും ജനങ്ങൾ കാത്തിരിക്കുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനാണ് തെന്റ പ്രഥമ പരിഗണനയെന്നും സിദ്ദു പറഞ്ഞു.
സംസ്ഥാനത്തിെന്റ പുതിയ അഡ്വക്കറ്റ് ജനറലായി എ.പി.എസ്. ഡിയോളിനെ നിയമിച്ചതിനെയും സിദ്ദു ചോദ്യം ചെയ്തു. പഞ്ചാബ്, ഹരിയാന ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഡിയോൾ മുൻ പഞ്ചാബ് ഡി.ജി.പി സുമേദ് സിങ് സൈനിയുടെ അഭിഭാഷകനാണ്. റാണ ഗുർജിത് സിങ്ങിനെ മന്ത്രിയാക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മണൽ ഖനന കരാറുകളുടെ ലേലത്തിൽ ആരോപണം നേരിട്ട് അമരീന്ദർ സിങ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്നയാളാണ് ഗുർജിത് സിങ്. പാർട്ടി നേതാക്കളിൽ ചിലർ പ്രതിഷേധിച്ചെങ്കിലും സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
പാർട്ടി ഹൈകമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും താൻ എപ്പോഴും സത്യത്തിനായി പോരാടുമെന്നും സിദ്ദു കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി സിദ്ദുവുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞതായി ചന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിദ്ദു കൂടിക്കാഴ്ചക്ക് സമ്മതിച്ചതായാണ് വിവരം. മന്ത്രിമാരായ പർഗത് സിങ്, അമരീന്ദർ സിങ് രാജാ വാരിങ്, എം.എൽ.എ ഇന്ദർബീർ സിങ് ബൊളാരിയ, പഞ്ചാബ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പവൻ ഗോയൽ ഉൾപ്പെടെ നിരവധി നേതാക്കൾ പട്യാലയിലെ വസതിയിൽ സിദ്ദുവിനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.