മുംബൈ: മഹാരാഷ്ട്ര നവിമുംബൈയിലെ കര്‍ഖറിലുള്ള ഡേകെയര്‍ കേന്ദ്രത്തില്‍ പത്തുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മര്‍ദിച്ച കേസില്‍ ഡേകെയര്‍ ഉടമയെയും മേല്‍നോട്ടക്കാരിയെയും പൊലീസ് അറസ്റ്റു ചെയ്തു. പുര്‍വ പ്ളേസ്കൂള്‍ മേല്‍നോട്ടക്കാരി അഫ്സാന ശൈഖ്, ഉടമ പ്രിയങ്ക നിഗം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രിയങ്ക നിഗത്തിന് ജാമ്യമനുവദിച്ചു.
അഫ്സാന ശൈഖ് പൊലീസ് കസ്റ്റഡിയിലാണ്. മര്‍ദനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രുചിക, രജത് സിന്‍ഹ എന്നിവരാണ് പരാതി നല്‍കിയത്. ഇരുവര്‍ക്കും ജോലിയുള്ളതിനാല്‍ കുട്ടിയെ ഡേകെയര്‍ സെന്‍ററിലാക്കുകയായിരുന്നു.
ചൊവ്വാഴ്ച ഡേകെയറിലത്തെിയ രുചികയും രജതും കുട്ടിയുടെ നെറ്റിയില്‍ മുറിവ് കണ്ടിരുന്നു. ഇതിനെക്കുറിച്ച് രുചിക, നിഗത്തിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയും അദ്ദേഹം ബാലപീഡനം നടന്നതായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതിന്‍െറ പശ്ചാത്തലത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ഖര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഡേകെയര്‍ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. അഫ്സാന ശൈഖ് കുട്ടികളെ അടിക്കുകയും തൊഴിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി വിഡിയോയിലുണ്ടായിരുന്നത്. കുട്ടി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എല്ലാ ഡേകെയര്‍ കേന്ദ്രങ്ങളിലും സി.സി.ടി.വി ഘടിപ്പിക്കണമെന്ന് അധികൃതര്‍ ഉത്തരവിറക്കി.
സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സി.സി.ടി.വി ഘടിപ്പിക്കുന്നതിലൂടെ സഹായിക്കുമെന്നും സംസ്ഥാന വനിതാ ശിശുവികസന മന്ത്രി പങ്കജ മുണ്ടെ പറഞ്ഞു. ഡേകെയര്‍ കേന്ദ്രത്തിന് പുറത്ത് കര്‍ഷക-തൊഴിലാളി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ ഡേകെയറിന്‍െറ പരസ്യപ്പലകയും പോസ്റ്ററുകളും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.