ഗുവാഹത്തി: വ്യക്തി സുരക്ഷക്ക് ഭീഷണി നേരിടുന്നതിനാൽ അസമിലെ ജനങ്ങളോട് അയൽ സംസ്ഥാനമായ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദേശം. ഈ ആഴ്ച അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയത്.
സംഘർഷത്തിന് തുടക്കമിട്ടത് അസം പൊലീസാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ച വിജയമായതിന് തൊട്ടുപിന്നാലെ ഇത്തരമൊരു സംഭവം നടക്കുന്നത് എങ്ങനെയാണെന്നുമാണ് മിസോറാം സർക്കാർ ചോദിക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും സേനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് അസം െപാലീസുകാർ കൊല്ലപ്പെട്ടിരുന്നു. 45 പേർക്ക് പരിക്കേറ്റു. 'സംഘർഷത്തിന് പിന്നാലെ മിസോറാമിലെ വിദ്യാർഥി-യുവജന സംഘടനകൾ പ്രേകാപനപരരമായ പ്രസ്താവനകൾ നടത്തുകയാണ്. നിരവധിയാളുകൾ ഓട്ടോമറ്റിക് ആയുധങ്ങളുമായി തയാറെടുത്ത് നിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ അസം പൊലീസിന്‍റെ പക്കൽ ലഭിച്ചിട്ടുണ്ട്' -സർക്കാർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ജോലിക്കും മറ്റുമായി മിസോറാമിൽ താമസിക്കുന്നവർ വലിയ ജാഗ്രത പാലിക്കണമെന്നാണ് പറയുന്നത്.
കച്ചാർ ജില്ലയിലെ വനപ്രദേശത്തുള്ള അതിർത്തിയിൽ തിങ്കളാഴ്ചയാണ് സംഘർഷമുണ്ടായത്. പ്രകോപനം കൂടാതെ വെടിവെച്ചുവെന്ന് ഇരുപൊലീസ് സേനകളും പരസ്പരം പഴി ചാരുകയാണ്. അതിർത്തിയിലെ സംഘർഷ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അതിർത്തിയിലെ രംഗം ശാന്തമാക്കാൻ അർധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുകയാണ് കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.