അസമിൽ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചവരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുന്നു

അസമിൽ 28 മുസ്‍ലിംകളെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി

ഗുവാഹത്തി: പശ്ചിമ അസമിലെ ബാർപേട്ട ജില്ലയിൽ 28 മുസ്‍ലിംകളെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇവരെ ഗോൽപാര ജില്ലയിലുള്ള തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. 19 പുരുഷൻമാരേയും എട്ട് സ്ത്രീകളേയുമാണ് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിരെ വിവിധ സ്ഥലങ്ങളിൽ നിന്നും എസ്.പി ഓഫീസിലേക്ക് എത്തിച്ച ശേഷം പിന്നീട് തടങ്കൽ കേ​ന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പുറത്ത് വന്നു.

പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടവർ മറ്റ് കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങളും വന്നിട്ടുണ്ട്. ഏകദേശം 3000 പേരെ പാർപ്പിക്കാൻ ശേഷിയുള്ള തടങ്കൽ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനമാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ. അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിച്ചവരെയും പൗരത്വം സംശയിക്കുന്നവരേയും അതിർത്തി രക്ഷസേനയും അസം ​പൊലീസും ഇത്തരം ട്രിബ്യൂണലുകൾക്ക് മുന്നിലാണ് ഹാജരാക്കുക. പിന്നീട് ട്രിബ്യൂണലാണ് ഇവരുടെ പൗരത്വത്തിൽ ഉൾപ്പെടെ തീരുമാനമെടുക്കുക.

അതേസമയം, ഇത്തരത്തിൽ അനധികൃതമായ അസമിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവരെ ട്രിബ്യുണലിന് മുന്നിൽ ഹാജരാക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. 2014ന് മുമ്പ് എത്തിയവരെ ഹാജരാക്കേണ്ടെന്നാണ് നിർദേശം. ഇവർക്ക് പൗരത്വം നൽകാൻ സി.എ.എ നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണ് ഇത്തരമൊരു നിർദേശം നൽകിയത്.

എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. ജാതി സെൻസെസിനൊപ്പം എൻ.പി.ആറും എൻ.ആർ.സിയും യാഥാർഥ്യമായാൽ മുസ്‍ലിംകൾക്കിടയിൽ ഇത്തരം ദൃശ്യങ്ങൾ വ്യാപകമാവുമെന്നാണ് അസമിലെ വിഡിയോ പങ്കുവെച്ച് ഉവൈസി എക്സിൽ കുറിച്ചത്. അതുകൊണ്ടാണ് തെലങ്കാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ജാതി സെൻസസിനൊപ്പം എൻ.പി.ആറും എൻ.ആർ.സിയും നടപ്പാക്കുന്നതിനെ എതിർത്തതെന്നും ഉ​വൈസി കൂട്ടിച്ചേർത്തു.

Tags:    
News Summary - Declared ‘foreigners’, 28 Muslims in Assam sent to detention centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.