ന്യൂഡൽഹി: കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ലിഡ്ഡറിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ലിഡ്ഡറിന്റെ ഭാര്യയും മകളും അന്ത്യാഞ്ജലി അർപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ജനറൽ എം.എം നരവനെ, നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ, വി.ആർ ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എൽ.എസ്. ലിഡ്ഡർ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്നു സേന വിഭാഗങ്ങളുടെയും മേധാവികൾ എന്നിവർ വിമാനത്താവളത്തിലെത്തി ആദരമർപ്പിച്ചിരുന്നു.
ബുധനാഴ്ചയാണ് ഊട്ടി കുനൂരിന് സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണ് ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ ഉൾപ്പെടെ 13 പേർ മരിച്ചത്. രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, നായ്ക് ഗുരുസേവക് സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ ഗുൽദ്വീപ്സിങ്, റാണ പ്രതാപ് ദാസ്, എ. പ്രദീപ്, ജിതേന്ദർ കുമാർ, ലഫ്. കേണൽ ഹർജീന്ദർ സിങ്, ഹവിൽദാർ സത്പാൽ രാജ്, ലാൻസ് നായ്ക് ബി.എസ്. തേജ എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അപകടത്തിൽപ്പെട്ട 14 പേരിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.