ന്യൂഡല്‍ഹി: ഡൽഹി എയിംസിൽ കോവിഡ് ബാധിച്ചു മരിച്ച യുവതികളുടെ മൃതദേഹം മാറി ബന്ധുക്കള്‍ക്കു നല്കി. ചൊവ്വാഴ്ച രാവിലെ മരിച്ച യുവതിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോകവേ മക്കള്‍ക്ക് അമ്മയുടെ മുഖം കാണണമെന്ന് പറഞ്ഞപ്പോള്‍ തുറന്നപ്പോഴാണ് മാറിയത് അറിയുന്നത്. ഇതിനിടെ, മുസ്ലിം വിഭാഗത്തില്‍പെട്ട യുവതിയുടെ മൃതദേഹം ഹിന്ദു കുടുംബത്തിന് മകളുടേതെന്ന പേരില്‍ നല്‍കുകയും ദഹിപ്പിക്കുകയും ചെയ്തു.
സഹോദരിയുടെ മുഖം കാണണമെന്ന് സഹോദരന് ആവശ്യപ്പെട്ടെങ്കിലും ഖബറടക്കുന്ന സ്ഥലത്തുവെച്ചല്ലാതെ മൂടിപ്പൊതിഞ്ഞ മൃതദേഹം തുറക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്ലാസ്റ്റിക്കില്‍ മൂടിപ്പൊതിഞ്ഞ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവിെൻറ മുഖം കാണണമെന്ന് കുട്ടികളും ആവശ്യപ്പെട്ടു. അധികൃതർക്ക് 500 രൂപ കൈക്കൂലി ലഭിച്ചതോടെ കാണാൻ അനുവദിച്ചു. ഈ സമയത്താണ് മൃതദേഹം മാറിയതായി അറിയുന്നത്.
തുടർന്ന് കുടുംബം എയിംസിൽ എത്തിയപ്പോഴേക്കും മൃതദേഹം മാറി ലഭിച്ച ഹിന്ദു കുടുംബം പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദഹിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു മോർച്ചറി ജീവനക്കാരനെ പുറത്താക്കിയതായും ഒരാളെ സസ്പെൻഡ് ചെയ്തതായും എയിംസ് അധികൃതർ പറഞ്ഞു.
ആളുമാറി സംസ്കാരം; ‘മരിച്ചയാൾ’ ഇപ്പോഴും ചികിത്സയിൽ
മുംബൈ: താണെയിൽ കോവിഡ് ബാധിച്ച് മരിച്ചയാളെ ആളു മാറി സംസ്കരിച്ചു. മരിച്ചെന്ന് ആശുപത്രിക്കാർ വിധിയെഴുതിയ ആളെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ 29 ന് കോവിഡ് സ്ഥിരീകരിച്ച് താണെ ആശുപത്രിയിൽ കഴിയുന്നതിനിടെ മരിച്ച ബാൽചന്ദ്ര ഗെയിക്വാദിെൻറ (72) മൃതദേഹമാണ് ഇന്നും ജീവിച്ചിരിക്കുന്ന മറ്റൊരു രോഗിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചത്. കഴിഞ്ഞ 30 ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിന് ശേഷം ബാൽചന്ദ്രയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതായതോടെ ബന്ധുക്കൾ അന്വേഷിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.
കഴിഞ്ഞ മൂന്നിന് ബാൽചന്ദ്ര മരിച്ചു. അധികൃതർ വിവരമറിയിച്ചത് മറ്റൊരു രോഗിയുടെ ബന്ധുക്കളെ. പല തവണ വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷം ഏറ്റുവാങ്ങിയ മൃതദേഹം ആ കുടുംബം സംസ്കരിക്കുകയും ചെയ്തു.
ബാൽചന്ദ്രയുടെ മൃതദേഹം ഏറ്റുവാങ്ങിയവരെ ആശുപത്രിയിൽ എത്തിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ ആശുപത്രി മരിച്ചെന്ന് വിധിച്ച രോഗിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.