ന്യൂഡൽഹി: ഞാൻ തീവ്രവാദിയോ അഴിമതിക്കാരനോ അല്ലെന്നും ജനങ്ങളുടെ പ്രിയങ്കരനാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങൾ എന്നിൽ 'സ്‌നേഹം' ചൊരിയുന്നതാണ് ബി.ജെ.പിയെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാളിന്റെ പ്രസ്താവന.
"പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു കെജ്‌രിവാൾ ഒരു തീവ്രവാദിയാണെന്ന്. ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണവും പ്രഖ്യാപിച്ചു. എന്നിട്ടെന്തുണ്ടായി? ഇപ്പോൾ ഗുജറാത്ത്, ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പറയുന്നു കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന്. കെജ്‌രിവാൾ തീവ്രവാദിയോ അഴിമതിക്കാരനോ ആണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യൂ.. കെജ്‌രിവാൾ 'ജനതാ കാ ലാഡ്‌ല' (ജനങ്ങളുടെ പ്രിയങ്കരൻ) ആണ്. കെജ്‌രിവാൾ തീവ്രവാദിയോ അഴിമതിക്കാരനല്ല. ബി.ജെ.പിക്ക് അതാണ് പ്രശ്നം" -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
250 വാർഡുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ഡിസംബർ 4 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 7 ന് നടക്കും. 2007 മുതൽ ഡൽഹിയിലെ നഗരസഭകൾ ബിജെപിയാണ് ഭരിക്കുന്നത്.
2017ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ 270ൽ 181 വാർഡിലും ബി.ജെ.പി വിജയിച്ചിരുന്നു. ആം ആദ്മി പാർട്ടി 48 വാർഡുകളിലും കോൺഗ്രസ് 27 വാർഡുകളിലും വിജയിച്ചു. ഈ വർഷം ആദ്യം ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ ഡൽഹി കോർപറേഷന് കീഴിലേക്ക് കേന്ദ്രസർക്കാർ ഏകീകരിച്ചിരുന്നു. മൊത്തം വാർഡുകളുടെ എണ്ണം 272ൽ നിന്ന് 250 ആയി ചുരുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.