ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഉമർ ഖാലിദിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.

ഇടക്കാല ജാമ്യം വ്യവസ്ഥകൾക്ക് വിധേയമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. ഡിസംബർ 23ന് ഇടക്കാല ജാമ്യം ആരംഭിക്കും. ഡിസംബർ 30ന് ജാമ്യ കാലയളവ് അവസാനിക്കും. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ഹാജരായി. ഡൽഹി പൊലീസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദും ഹാജരായി.

ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ്, സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉമർ ഖാലിദിന് ജാമ്യം നൽകിയാൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് സമൂഹത്തിൽ അസ്വസ്ഥതകളുണ്ടാക്കുമെന്നുമാണ് ഇതിനെ എതിർത്ത് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്.

2020ലെ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരുന്ന ഉമർ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഒന്നിലധികം തവണ ചോദ്യം ചെയ്ത് 2020 സെപ്റ്റംബർ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപ ഗൂഢാലോചന കേസിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ, ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

കലാപവുമായി ബന്ധപ്പെട്ട ചാന്ദ്ബാഗിലെ കല്ലേറു കേസിൽ കർക്കഡൂമ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. എന്നാൽ, മറ്റ് കേസുകൾ നിലനിൽക്കുന്നതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനായിരുന്നില്ല.

Tags:    
News Summary - Delhi Court Grants Interim Bail To Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.