തീ അണക്കാൻ ഇനി റോബോട്ടുകളും; ഡൽഹി അഗ്നിശമനസേനയിൽ പുതിയ സംവിധാനം

ഡൽഹി: തീയണക്കാൻ അഗ്നിശമനസേനയിലേക്ക് റോബോട്ടുകളെ വാങ്ങി ഡൽഹി സർക്കാർ. ഇടുങ്ങിയ തെരുവുകൾ, വനം, എണ്ണ, കെമിക്കൽ ടാങ്കറുകൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് രണ്ട് റോബോട്ടുകളെ ആസ്ട്രിയൻ കമ്പനിയിൽ നിന്ന് വാങ്ങിയത്.

വെള്ളിയാഴ്ചയാണ് ഇവയെ ഡൽഹി ഫയർസ്റ്റേഷനിൽ എത്തിച്ചത്. ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചിരുന്നു. ഈ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ഉൾപ്പെടുത്തി അഗ്നിസുരക്ഷ സംവിധാനം കാര്യക്ഷമമാക്കാനുള്ള ഡൽഹി സർക്കാറിന്‍റെ തീരുമാനം.

റിമോട്ട് നിയന്ത്രിത റോബോട്ടുകൾക്ക് ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കാനും മനുഷ്യർക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുമാവും. തീ അണക്കാനുള്ള റിമോട്ട് നിയന്ത്രിത റോബോട്ടുകൾ ആദ്യമായാണ് രാജ്യത്ത് എത്തിക്കുന്നതെന്ന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ കൂടുതൽ റോബോട്ടുകളെ സേനയിൽ ഉൾപ്പെടുത്തും. മിനിറ്റിൽ 2400 ലിറ്റർ എന്ന തോതിൽ ജലം പ്രവഹിക്കാൻ റോബോട്ടുകൾക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടസ്ഥലങ്ങളിൽ സേനാംഗങ്ങൾക്ക് ഉണ്ടാവുന്ന പരിക്കിന്‍റെ തോത് കുറക്കാനും റിമോട്ടിലൂടെ വെള്ളം ചീറ്റുന്നതടക്കം നിയന്ത്രിക്കാനും പുതിയ സംവിധാനത്തിന് സാധിക്കും. ഡൽഹി അഗ്നിശമനസേനയിലെ ‍ഉദ്യോഗസ്ഥർക്ക് റോബോട്ട് പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.  

Tags:    
News Summary - Delhi govt inducts two robots into firefighting fleet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.