ന്യൂഡൽഹി: ഡൽഹി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ നോട്ടീസയച്ച് ഹൈകോടതി. കൽക്കാജി മണ്ഡലത്തിൽ ബി.ജെ.പിയുടെ രമേഷ് ബിധുരിയെ 3521 വോട്ടുകൾക്ക് തോൽപിച്ചാണ് അതിഷി വിജയിച്ചത്. അതിഷി തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചുവെന്നും മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തുവെന്നും കാണിച്ചാണ് ഹരജി നൽകിയിരിക്കുന്നത്. ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈകോടതി പൊലീസിനും അതിഷിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ചിരിക്കുന്നത്.
ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കൽകാജിയിലെ വോട്ടർമാരായ കമൽജിത് സിങ് ദഗ്ഗൽ, ആയുഷ് റാണ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹരജി ജൂലൈ 30ലേക്ക് പരിഗണിക്കാൻ മാറ്റി. ആവശ്യമായ രേഖകൾ അന്ന് ഹാജരാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ അധികാരം ദുർവിനിയോഗം ചെയ്ത് അതിഷി തെരഞ്ഞെടുപ്പ് പെരുമാട്ടചട്ടവും ജനപ്രാതിനിധ്യനിയമവും ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചെന്നും ഹരജിയിൽ പറയുന്നു. പൊതുവിഭവങ്ങൾ ചൂഷണം ചെയ്തു. തെരഞ്ഞെടുപ്പ് വിജയ സാധ്യത വർധിപ്പിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് സഹായം നേടിയെന്നും ഹരജിയിൽ ആരോപണമുണ്ട്.
ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന അതിഷിയുടെ കൂട്ടാളികൾ അവരുടെ നിർദേശപ്രകാരം വോട്ടുകൾ വാങ്ങിയെന്നും ഹരജിയിൽ പറയുന്നു. ബിധുരിയുടെ നിർദേശപ്രകാരം കൽകാജിയിലെ ഗുണ്ടായിസം അരങ്ങേറുകയാണെന്നതടക്കമുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തിയ വ്യാജ വീഡിയോകൾ എ.എ.പി പ്രവർത്തകർ അതിഷിയുടെ സമ്മതത്തോടെ പ്രസിദ്ധീകരിച്ചെന്നും പോളിങ് സ്റ്റേഷനുകളിലേക്കും തിരിച്ചും വോട്ടർമാരെ സൗജന്യമായി കൊണ്ടുപോകാനായി വാഹനങ്ങൾ വാടകയ്‌ക്കെടുത്തതായും ഹരജിയിൽ പറയുന്നുണ്ട്. അതിഷിക്കെതിരെ രജിസ്റ്റർ ചെയ്ത ചില ക്രിമിനൽ കേസുകൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.