ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും

ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കു പിന്നാലെ, രണ്ടുമാസത്തിനിടെ മൂന്നുതവണ മാറ്റിവെച്ച ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ലഫ്. ഗവർണറും ഭരണ കക്ഷിയായ എ.എ.പിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്.

കഴിഞ്ഞ ദിവസം എ.എ.പിക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ ലഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാൻ പുതിയ തീയതി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടു.

ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ച തീയതി ഗവർണർ അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 22 11ന് മേയർ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമുണ്ടോ എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കു പുറമെ, ആറ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെയും അന്നു തന്നെ തെരഞ്ഞെടുക്കും.

ഡിസംബറിൽ നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കുത്തക തകർത്താണ് എ.എ.പി വിജയിച്ചത്. ഡൽഹിയിൽ ബി.ജെ.പി നിയമവിരുദ്ധമായ ഉത്തരവുകൾ കൊണ്ടുവരുന്നത് എങ്ങനെയെന്ന് തെളിഞ്ഞതായി സുപ്രീംകോടതി വിധിക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - Delhi Mayor polls on wednesday, date announced after big court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.