ന്യൂഡൽഹി: മുസ്തഫാബാദിലെ തയ്യൽക്കടക്കുനേരെ കലാപകാരികൾ തിരിഞ്ഞപ്പോൾ മുഹമ്മദ് അക്രം ഖാന് നഷ്ടമായത് കട മാത്രമായിരുന്നില്ല; രണ്ടു കൈകളും ജീവിതായോധനവുമായിരുന്നു. അവിടേക്കാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ വളന്റിയർമാർ കടന്നുചെന്നത്.
വിദഗ്ധമായ പരിശോധനക്ക് അക്രം ഖാനെ വിധേയമാക്കിയപ്പോൾ സെൻസർ ഘടിപ്പിച്ച കൃത്രിമക്കൈ പിടിപ്പിച്ചാൽ പ്രതീക്ഷക്ക് വകയുണ്ടെങ്കിലും 11.5 ലക്ഷം രൂപ ചെലവുവരുമെന്ന് പറഞ്ഞു. അത് വഹിക്കാമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. തലച്ചോറിൽനിന്നുള്ള സിഗ്നലുകൾപ്രകാരം സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആ കൈത്താങ്ങിലാണ് അക്രം ഖാൻ അറ്റുപോയ ജീവിതം തുന്നിച്ചേർക്കാൻ നോക്കുന്നത്. ഇന്നിപ്പോൾ സ്വന്തമായി എഴുതാനും കമ്പ്യൂട്ടർ ഉപയോഗിക്കാനും കഴിയുന്ന അക്രം ഖാൻ അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. ഒരു കൈ മാത്രമല്ല, ജീവിതായോധനത്തിനുള്ള വഴികൂടി അക്രം ഖാന് ഒരുക്കുമെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി. ആരിഫലി പറഞ്ഞു.
കേന്ദ്ര, ഡൽഹി സർക്കാറുകൾ നിസ്സംഗത തുടർന്നപ്പോൾ സർക്കാറിതര സംഘടനകളും സുമനസ്സുകളുമായി നൂറുകണക്കിനാളുകളാണ് ദുരിതാശ്വാസത്തിനായി വടക്കുകിഴക്കൻ ഡൽഹിയിലിറങ്ങിയത്. വംശീയാതിക്രമത്തിൽ ചാമ്പലായ വടക്കുകിഴക്കൻ ഡൽഹിയുടെ ചാരത്തിൽതന്നെ കടകമ്പോളങ്ങളും ഭവനങ്ങളും വീണ്ടുമുയർന്നു. എങ്കിലും പതിറ്റാണ്ടുകളായി ഒരുമിച്ച് ഉണ്ടുറങ്ങി വിവാഹത്തിലും മരണത്തിലും ഒന്നിച്ചുനിന്ന മനുഷ്യർക്കിടയിൽ അറ്റുപോയ വിശ്വാസം തുന്നിച്ചേർക്കാനാകാത്തത് വേദനജനകമാണെന്ന് ഡൽഹിയിലെ സന്നദ്ധപ്രവർത്തകയായ സംറീൻ പറഞ്ഞു. ഈ അവിശ്വാസവും അരക്ഷിതാവസ്ഥയും സ്കൂളുകളിലേക്കു പോകുന്ന പെൺകുട്ടികളും അനുഭവിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.