ന്യൂഡൽഹി: വംശീയാതിക്രമ ഇരയായ മുസ്ലിം യുവാവിെൻറ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി കോടതി ഉത്തരവിട്ടു. യമുനാ വിഹാറിലെ സലീം, വിഡിയോ റെക്കോഡിങ് തെളിവ് സഹിതം സമർപ്പിച്ച പരാതിയിൽ നീതിപൂർവകവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ ഡൽഹി പൊലീസിന് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് നിർേദശം നൽകി.
തെൻറ അയൽക്കാരായ സുഭാഷ് ത്യാഗിയും അശോക് ത്യാഗിയും വെടിയുതിർത്ത് തെൻറ വീടിനുനേരെ ആക്രമണം നടത്തുകയും അയൽക്കാരൻ നസീറിന് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു സലീമിെൻറ പരാതി. ആക്രമണത്തിെൻറ വിഡിയോ സഹിതം സമർപ്പിച്ച പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് സലീം മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
എന്നാൽ, സലീം കലാപക്കേസിലെ പ്രതിയാണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹം വ്യാജ പരാതി തയാറാക്കിയതാണെന്നുമായിരുന്നു കോടതിയിൽ ഡൽഹി പൊലീസ് നടത്തിയ വാദം. തങ്ങൾ നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റകൃത്യം നടന്നിട്ടില്ലെന്നും പൊലീസ് വാദിച്ചു. ഇൗ വാദം തള്ളിയ ഡൽഹി കോടതി തങ്ങൾക്കു മുമ്പാകെ ഹരജിക്കാരൻ സമർപ്പിച്ച തെളിവ്-വിഡിയോ ഫൂട്ടേജ് കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ തെളിയിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അതിനാൽ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പൊലീസ് വാദത്തിെൻറ മുനയൊടിക്കാൻ തെളിവ് നിയമം ഉദ്ധരിച്ച ഡൽഹി കോടതി ഇലക്ട്രോണിക് തെളിവുകൾ പ്രാമാണികതയുള്ളതാണെന്ന് ഓർമിപ്പിച്ചു. അതിനാൽ ജാഫറാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എത്രയും നേരേത്ത സലീമിെൻറ പരാതിയിൽ ഉചിതമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.