ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വംശഹത്യക്ക് ഒരു വർഷം പിന്നിടുമ്പോൾ 53 കൊലക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചത് 38 എണ്ണത്തിൽ. ഇതിൽ 17 കേസിൽ കോടതിയിൽ വാദം തുടങ്ങി. 44 കേസിലാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയത്. കൊല്ലപ്പെട്ടവരിൽ 12 പേരുടെ കുടുംബം നാടുവിട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ വംശഹത്യ നടന്നത്. 500ഓളം പേർക്ക് അക്രമങ്ങളിൽ പരിക്കേറ്റിരുന്നു.
ആകെ 755 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 400 എണ്ണം തീർപ്പാക്കിയെന്നും പൊലീസ് പറയുന്നു. 1753 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 933 പേർ മുസ്ലിംങ്ങളും 820 പേർ ഹിന്ദുക്കളുമാണ്. 53 വധങ്ങൾ ഉൾപ്പെടെ 62 കേസുകൾ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷവും. 44 കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. എന്നാൽ, ഈ തുക തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ പോലും തികയുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബങ്ങളുടെ ഏക വരുമാന മാർഗമായിരുന്നു കൊല്ലപ്പെട്ടവരിലേറെയും. ഇതിന് ശേഷം പല കുടുംബത്തിലും മറ്റൊരു അംഗത്തിന് ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്രയിച്ചാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.