ന്യൂഡൽഹി: രാജ്യത്ത് വിദേശ സംഭാവന സ്വീകരിക്കുന്ന ഏതു സന്നദ്ധ സ്ഥാപനത്തിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി ശാഖയിൽ അക്കൗണ്ട് വേണമെന്ന് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിൽ നിർദേശിക്കുന്നു. ഈ അക്കൗണ്ടിലേക്ക് വിദേശ സംഭാവന വരണം. നാട്ടിലെ ഷെഡ്യൂൾഡ് ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് എസ്.ബി.ഐയിൽനിന്ന് പിന്നീട് മാറ്റാം. രണ്ടും എഫ്.സി.ആർ.എ അക്കൗണ്ടായിരിക്കണം. ഇവയിൽ വിദേശ സംഭാവനയല്ലാതെ മറ്റൊരു വരവും അടവും പാടില്ല. വിദേശ സംഭാവനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം.
വിദേശ സംഭാവന സ്വീകരിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയും ദക്ഷിണേന്ത്യയിലേയും സ്ഥാപനങ്ങളെല്ലാം ഡൽഹി അക്കൗണ്ട് തുറക്കുന്നതിെൻറ അപ്രായോഗികത ലോക്സഭയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഡൽഹിക്ക് വരാതെതന്നെ എസ്.ബി.ഐയിൽ അക്കൗണ്ട് തുറക്കാൻ ക്രമീകരണമൊരുക്കുമെന്നാണ് ഹ്രസ്വചർച്ചക്കിടയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടി.
ഫണ്ട് കൈമാറ്റം പാടില്ല: വിദേശ സംഭാവന സ്വീകരിക്കുന്നവർ അത് വ്യക്തിയുടെയോ സ്ഥാപനത്തിെൻറയോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടില്ല.
ആധാർ വേണം: വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹികളുടെ ആധാർ നിർബന്ധമായും ലഭ്യമാക്കണമെന്നാണ് പുതിയ വ്യവസ്ഥകളിലൊന്ന്. ആധാർ നിർബന്ധമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളപ്പോൾ, സർക്കാർ നിർബന്ധപൂർവം ചോദിച്ചു വാങ്ങുന്നതിനെ എം.പിമാർ ചോദ്യം ചെയ്തു. എന്നാൽ, അവശ്യമെന്നു കരുതുന്ന വിഷയങ്ങളിൽ ആധാർ സർക്കാറിന് ചോദിക്കാമെന്ന് മന്ത്രി വിശദീകരിച്ചു. ആധാർ പൂർണതോതിൽ വിതരണം ചെയ്യാത്ത മേഘാലയക്കാർക്ക് ഇൗ നിർദേശം എങ്ങനെ പാലിക്കാൻ കഴിയുമെന്ന വിൻസൻറ് എം. പാലായുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
ഫണ്ട് വിനിയോഗം സർക്കാറിന് വിലക്കാം: ഫണ്ട് ഉപയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് സംഘടനകൾക്കുമേൽ ഫണ്ട് വിനിയോഗ വിലക്ക് ഏർപ്പെടുത്താൻ നിയമഭേദഗതി സർക്കാറിന് അധികാരം നൽകുന്നു. നിയമലംഘനം തെളിയിക്കപ്പെടുന്നതുവരെ കാത്തുനിൽക്കേണ്ട. തെളിയിക്കപ്പെട്ടാൽ മാത്രം വിലക്കും നിയന്ത്രണവും ഏർപ്പെടുത്താനാണ് സർക്കാറിന് നിലവിൽ അധികാരം. എഫ്.സി.ആർ.എ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യാൻ സന്നദ്ധ സ്ഥാപനങ്ങളെ സർക്കാറിന് അനുവദിക്കാം. സ്വീകരിക്കുന്ന വിദേശ സംഭാവനയിൽ 20 ശതമാനം മാത്രം ഭരണപരമായ ആവശ്യങ്ങൾക്ക് ചെലവിടാം. ഇപ്പോഴിത് 50 ശതമാനമാണ്.
പൊതുസേവകർ വിദേശസംഭാവന സ്വീകരിക്കരുത്: വിദേശ സംഭാവന സ്വീകരിക്കാൻ പാടില്ലാത്തവരുടെ ഗണത്തിൽ പൊതുസേവകരെയും (പബ്ലിക് സർവൻറ്) ഉൾപ്പെടുത്തി. നിയമനിർമാണ സഭാംഗങ്ങൾ, സ്ഥാനാർഥികൾ, മാധ്യമങ്ങൾ, ന്യായാധിപർ, സർക്കാർ ജീവനക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപന ജീവനക്കാർ എന്നിവർക്കാണ് നിലവിൽ വിലക്ക്. രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ സംഭാവനയും ഇലക്ടറൽ ബോണ്ടും സ്വീകരിക്കാമെങ്കിൽ, െപാതുസേവകരെ വിലക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്ര ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.