ന്യൂഡൽഹി: ആർ.എസ്.എസ് അനുകൂല അധ്യാപക സംഘടന നേതാവ് ഉന്നയിച്ച മാർക് ജിഹാദ് ആരോപണം തള്ളി ഡൽഹി സർവകലാശാല (ഡി.യു) രജിസ്ട്രാർ. ബിരുദ പ്രവേശനത്തിൽ കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്നും എല്ലാവർക്കും തുല്യ അവസരമാണ് നൽകുന്നതെന്നും ഡി.യു രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നായിരുന്നു കിരോരി മാൽ കോളജിലെ ഫിസിക്സ് അസോ. പ്രഫസർ രാകേഷ് പാണ്ഡെ കഴിഞ്ഞ ദിവസം ആരോപിച്ചത്. അധ്യാപകന്‍റെ ഈ വിദ്വേഷ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേരളത്തെ തീവ്രവാദകേന്ദ്രമെന്ന് വരുത്തി തീർക്കാനുള്ള സംഘ് പരിവാർ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകകകളും അധ്യാപകന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. നൂറ് ശതമാനം മാർക്കോടെ പ്രവേശനം നേടിയ വിദ്യാർഥികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു പറഞ്ഞു.
അധ്യാപകൻറെ വിവാദ പരാമർശം അതിരു കടന്നുവെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. ദില്ലി സർവകലാശാലയിലെ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരള വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും 100 ശതമാനം മാർക്ക് ലഭിക്കുന്നതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും മാർക്ക് ജിഹാദാണെന്നുമായിരുന്നു അദ്യാകന്‍റെ 'കണ്ടെത്തൽ'. ഡൽഹിയിൽ താമസിച്ച് പഠിക്കാൻ ചെലവ് കൂടുതലാണെന്നും ചില ഏജൻസികൾ ഇതിനായി ഫണ്ട് നൽകുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയും മാധ്യമങ്ങൾക്കു നൽകിയ പ്രതികരണത്തിലുമാണ് മലയാളി വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം.
സമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാമോഫോബിക് പരാമർശങ്ങൾ ഇയാൾ നേരത്തെയും നടത്തിയിരുന്നു. കേരളത്തിലെ ഇടത് സർക്കാറും ഇസ്ലാമിക് ജിഹാദി സംഘടനയും ഡൽഹി സർവകലാശാലയിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നു എന്നായിരുന്നു കഴിഞ്ഞ വർഷം ഇയാൾ സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടത്.
തിങ്കളാഴ്ചയാണ് ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്.ആർ.സി.സി തുടങ്ങി പ്രധാന കോളജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർഥികളായിരുന്നു. ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്.
നോർത്ത് കാമ്പസിലെ വിവിധ കോളജുകളിലായി 2,000ത്തോളം മലയാളി വിദ്യാർഥികളാണ് ആദ്യ ദിവസം തന്നെ പ്രവേശനം നേടിയത്. ഡി.യുവിലെ പ്രശസ്തമായ ഹിന്ദു കോളജിൽ 500ലധികം മലയാളികൾ പ്രവേശനം നേടി. ഇവിടെത്ത ബി.എ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് 100 ലധികം അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ മികച്ച സ്കോർ നേടിയവരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കേരളത്തിൽനിന്നുള്ളവരായിരുന്നു.
അതിനിടെ, അർഹതയുള്ള മലയാളി വിദ്യാർഥികളുടെ അപേക്ഷ വർധിച്ചതോടെ ബിരുദ പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വ്യവസ്ഥയിൽ ഡൽഹി സർവകലാശാല പുതിയ മാർഗരേഖ പുറത്തിറക്കി. സി.ബി.എസ്.ഇയിലെ ഏതെങ്കിലുമൊരു വിഷയത്തിന് തത്തുല്യമായിരിക്കണം സംസ്ഥാന ബോർഡിലെ വിഷയമെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.