ന്യൂഡൽഹി: ഡൽഹി സർവകലാശാല സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പ്രസിഡന്‍റ് സ്ഥാനം അടക്കം മൂന്നു സീറ്റുകളിൽ എ.ബി.വി.പി വിജയിച്ചു. പ്രസിഡന്‍റായി തുഷാർ ദെധയും സെക്രട്ടറിയായി അപ്രജിതയും ജോയിന്‍റ് സെക്രട്ടറിയായി സചിൻ ബൈസ്ലയും തെരഞ്ഞെടുപ്പെട്ടു.
എൻ.എസ്.യു.ഐ സ്ഥാനാർഥി അഭി ദഹിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് ലോ സെന്‍ററിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപാർട്ട്മെന്‍റിലെ വിദ്യാർഥിയാണ് അഭി ദഹിയ.
2019ലെ അവസാന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവ എ.ബി.വി.പിയും സെക്രട്ടറി സ്ഥാനം എൻ.എസ്.യു.ഐയും നേടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞടുപ്പ് നടക്കുന്നത്.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2019ൽ തെരഞ്ഞെടുത്ത അതേ യൂനിയൻ തന്നെ തുടരുകയായിരുന്നു. 2022 ഫെബ്രുവരി 17നാണ് ഡൽഹി സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് റെഗുലർ ക്ലാസുകൾ ആരംഭിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ്- ബി.എ.എസ്.എഫ് (ഭീം ആർമി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ) സഖ്യത്തിന്‍റെ നാമനിർദേശ പത്രിക കാരണം വ്യക്തമാക്കാതെ തള്ളിയിരുന്നു. പ്രസിഡന്‍റ് സ്ഥാനാർഥി ഷൈലേന്ദർ സിങ്ങിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി യാസീൻ കെ മുഹമ്മദിന്‍റെയും നാമനിർദ്ദേശ പത്രികകളാണ് തള്ളിയത്. ഇത് വിദ്യാർഥികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് സ്ഥാനാർഥികൾക്കും മതിയായ ഹാജരും മികച്ച അക്കാദമിക് റെക്കോർഡും ഉണ്ടായിരുന്നിട്ടും നിരസിക്കപ്പെടുകയാണുണ്ടായതെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടുന്നു. ദലിത്, മുസ്ലീം വിദ്യാർഥികളോട് സർവകലാശാല കാണിക്കുന്ന വിവേചനമാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്നും ഫ്രറ്റേണിറ്റി-ബി.എ.എസ്.എഫ് സഖ്യം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.