ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ എം.എൽ.എ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് 12ന് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ഓഖ്‌ലയിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുല്ല ഖാന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിൽ വെള്ളിയാഴ്ച ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) റെയ്ഡും നടത്തിയിരുന്നു. ജാമിഅ നഗറിലെ വീട്ടിൽ നടന്ന റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. 

ബെറെറ്റ പിസ്റ്റളാണ് പിടിച്ചെടുത്തതെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ.പി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് 32 പേരെ അനധികൃതമായി വഖഫ് ബോർഡിൽ നിയമിച്ചെന്നാണ് കേസ്.

Tags:    
News Summary - Delhi Waqf Board Chairman Amanatullah Khan MLA arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.