ന്യൂഡൽഹി: ഡൽഹിയിൽ 22 കാരനെ കുത്തിക്കൊന്നു. ഗൗതംപൂർ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.
മീറ്റ് ചൗക്കിനടുത്ത് ഗൗതംപുരിയിൽ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് മൂന്നുനാലു പേർ ചേർന്ന് യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. യുവാവിന് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നതായി ഡി.സി.പി രാജേഷ് ദേവ് പറഞ്ഞു. ഗുരുതര പരിക്കിനെതുടർന്ന് ഇയാൾ മരണത്തിന് കീഴടുങ്ങുകയായിരുന്നു.
പ്രതികളെ പിന്തുടർന്നെത്തിയ പൊലീസുകാർ എൻ.ടി.പി.സി ഒന്നാം ഗേറ്റിനടുത്ത് നിന്നാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടു പേർ പിന്നീട് കീഴടങ്ങി. അർമാൻ, സാഹിദ് എന്നിവർക്കു പുറമെ പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് പ്രതികൾ. ഗൗരവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിനെ തുടർന്ന് ഗൗരവിന് നിരവധി തവണ കുത്തേറ്റിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച രക്തക്കറയുള്ള ആയുധം കണ്ടെടുത്തതായും മൃതദേഹം എ.ഐ.ഐഎം.എസ് മോർച്ചറിയിലേക്ക് മാറ്റിയതായും ഡി.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.