മുംബൈ: കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുകയും ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര അതീവ ജാഗ്രതയിൽ. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി.
9844 പുതിയ കേസുകളാണ് വ്യാഴാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 24മണിക്കൂറിനിടെ 197 പേർ മരിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ ആദ്യമായി ബുധനാഴ്ച സംസ്ഥാനത്ത് 10000ത്തിലേറെ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ജൂൺ 16ന് ശേഷം 10000 ത്തിൽ താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം.
11 ജില്ലകളിൽ ആഴ്ചകളിലുള്ള രോഗ വളർച്ച നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതും 10 ജില്ലകളിലുള്ള സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന പോസിറ്റിവിറ്റി നിരക്കുമാണ് സംസ്ഥാന സർക്കാറിനെ ആശങ്കയിലാക്കുന്നത്.
അടുത്ത രണ്ട് മുതൽ നാല് ആഴ്ചക്കുള്ളിൽ കോവിഡ് മുന്നാം തരംഗത്തിന് സാധ്യതയില്ലെങ്കിലും അത് നേരത്തെ എത്താനുള്ള സാധ്യത മുന്നിൽ കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാന കോവിഡ് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ഏഴ് ജില്ലകളിൽ പരിശോധന കുടുതൽ ഉർജ്ജിതമാകാകാനും വാക്സിനേഷൻ നടപടികൾ കുടുതൽ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യാഴാഴ്ച നിർദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ തിരക്കിട്ട് പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റായഗഡ്, രതനഗിരി, സിന്ധുദുർഗ്, സതാര, സങ്ക്ലി, കോലാപൂർ, ഹിൻഗോളി എന്നീ ജില്ലകളിലാണ് ഉയർന്ന രോഗബാധ.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 21 പേർക്ക് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചതായി ബുധനാഴ്ച ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. മഹാരാഷ്ട്രയെ കൂടാതെ മധ്യപ്രദേശിലും കേരളത്തിലുമാണ് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മധ്യപ്രദേശിൽ രണ്ടുപേർ ഡെൽറ്റ പ്ലസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.