ന്യൂഡൽഹി: രണ്ട് ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ തുടർന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിഷേധങ്ങളിൽ തല കുനിച്ച് രാജ്യം. അതേസമയം, ഇരുവർക്കുമെതിരായ നടപടി ബി.ജെ.പിയും മോദി സർക്കാറും പാർട്ടിതലത്തിൽ ഒതുക്കി. രാജ്യത്തിനു നേരെയും ആഭ്യന്തരമായും അമർഷത്തിനു കാരണമാക്കിയ സംഭവത്തിൽ അറസ്റ്റോ മറ്റു നിയമനടപടികളോ ഇല്ല. വിഭാഗീയതയും വിദ്വേഷവും വളർത്തിയതിനും രാജ്യത്തെ അപകീർത്തിപ്പെടുത്തിയതിനും ജാമ്യം കിട്ടാതെ ജയിലിൽ പോകാവുന്ന കുറ്റമാണ് ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതിനു വേദിയായ ടി.വി ചാനലിനും ട്വിറ്ററിനുമെതിരെയും നടപടി സ്വീകരിക്കാൻ കഴിയും. എന്നാൽ, പൊലീസ് ഇടപെടൽ, പാർട്ടി ഇടപെടലിൽ ഒതുക്കിയപ്പോൾ പ്രകടമായത് സർക്കാറിന്റെ മനസ്സില്ലാ മനസ്സാണ്.
10 ദിവസം മുമ്പ് 'ടൈംസ് നൗ' ടി.വി ചാനലിൽ നടന്ന ചർച്ചയിലാണ് ബി.ജെ.പി ദേശീയ വക്താവും ഓപ് ഇന്ത്യ എഡിറ്റർ ഇൻ-ചീഫുമായ നൂപുർ ശർമ പ്രവാചകനെതിരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയത്. തൊട്ടുപിന്നാലെ ഡൽഹിയിൽ പാർട്ടിയുടെ മാധ്യമ വിഭാഗത്തെ നയിക്കുന്ന നവീൻ കുമാർ ജിൻഡൽ അത് ഏറ്റുപിടിച്ച് ട്വിറ്ററിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചു. ഇതേതുടർന്ന് യു.പിയിലെ കാൺപൂരിൽ ജനം രോഷാകുലരായി തെരുവിലിറങ്ങി. ആഭ്യന്തരമായ പ്രതിഷേധങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കും കത്തിപ്പടർന്നു.
ഗൾഫ് ഭരണകൂടങ്ങളിൽനിന്ന് ഒന്നിനു പിറകെ ഒന്നായി പ്രതിഷേധ പ്രസ്താവനകൾ വന്നുതുടങ്ങിയപ്പോൾ മുഖം രക്ഷിക്കാനുള്ള നടപടികൾക്കു മാത്രമാണ് മോദി സർക്കാർ ശ്രമിച്ചത്. ഗൾഫ് നാടുകളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ചില ആഹ്വാനങ്ങൾ ഉണ്ടായതും അതിന് പ്രേരിപ്പിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡലിനെ ബി.ജെ.പിയിൽനിന്ന് പുറത്താക്കുകയും ചെയ്തത് മുഖം രക്ഷിക്കാനുള്ള താൽക്കാലിക പോംവഴി എന്ന നിലയിലാണ്. അമർഷം രേഖപ്പെടുത്തിയ ഗൾഫിലെ ഭരണകൂടങ്ങളെ അനുനയിപ്പിക്കാൻ ചില പിന്നാമ്പുറ ശ്രമങ്ങൾ ഭരണതലത്തിൽ നടക്കുന്നുണ്ട്. എന്നാൽ, ഭരണത്തെ നിയന്ത്രിക്കുന്നവർ വിഷയത്തിൽ വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന കാഴ്ചപ്പാടാണ് നിലനിൽക്കുന്നത്. അത് അറബ് നാടുകളുമായുള്ള പരമ്പരാഗത ബന്ധങ്ങൾക്കുതന്നെ ആഘാതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.