വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

മുംബൈ: ആറുമാസത്തിനിടെ നാലുതവണ ‘ടെയ്‍ൽ സ്ട്രൈക്ക് ’ സംഭവിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപ പിഴ ചുമത്തി. പറന്നുയരുമ്പോഴോ നിലത്തിറങ്ങുമ്പോ​ഴോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ സ്പർശിക്കുന്നതിനെയാണ് ‘ടെയ്‍ൽ സ്ട്രൈക്ക് ’ എന്നുപറയുന്നത്. A321 വിമാനത്തിനാണ് പിഴവ് സംഭവിച്ചത്.

വിമാനങ്ങളുടെ പ്രവർത്തനം, പരിശീലനം, എൻജിനീയറിങ് നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പോരായ്മകൾക്കാണ് ഡി.ജി.സി.എ പ്രത്യേക ഓഡിറ്റ് നടത്തി പിഴ ചുമത്തിയത്. പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴചുമത്തിയത്. നിർദിഷ്ട മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രേഖകളും നടപടിക്രമങ്ങളും ഭേദഗതിചെയ്യാൻ നിർദേശം നൽകിയതായും ഡി.ജി.സി.എ വാർത്താകുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് ‘ടെയിൽ സ്‌ട്രൈക്ക്’ സംഭവിച്ചത്. സംഭവത്തിൽ പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പൈലറ്റുമാർ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് ജീവനക്കാർ ലാൻഡിങ് നടത്തിയതെന്ന് കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു. പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും കോ-പൈലറ്റിന്റെ ലൈസൻസ് ഒരു മാസത്തേക്കുമാണ് സസ്‌പെൻഡ് ചെയ്തത്.

Tags:    
News Summary - DGCA imposes Rs 30 lakh fine on IndiGo for tail strikes during landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.