‘വൃത്തികെട്ട നുണ പടച്ചുവിട്ട് ഭയപ്പെടുത്താനാകില്ല’ -ഡൽഹിയിൽ ആക്രമണത്തിനിരയായ വനിതാ കമിഷൻ അധ്യക്ഷ

ന്യൂഡൽഹി: ഡൽഹി വനിതാ കമീഷൻ അധ്യക്ഷക്ക് നേരെ ഉണ്ടായ ആക്രമണം ഡൽഹി പൊലീസിനെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയ നാടകമാണെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ രൂക്ഷമായി പ്രതികരിച്ച് സ്വാതി മലിവാൽ.

‘എനിക്കെതിരെ വൃത്തികെട്ട നുണപടച്ചുവിട്ട് ഭയപ്പെടുത്താമെന്ന് കരുതുന്നവരോട് പറയട്ടെ, എന്റെ ചെറിയ ജീവിതത്തിനിടെ ഒരുപാട് വലിയ കാര്യങ്ങൾ ഞാൻ ചെയ്തു. ഞാൻ പല തവണ ആക്രമിക്കപ്പെട്ടു. പക്ഷേ, ഞാൻ നിർത്തിയില്ല. എല്ലാത്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും എന്റെയുള്ളിലെ തീ കൂടുതൽ ആളിക്കത്തും. ആർക്കും എന്റെ ശബ്ദം അടിച്ചമർത്താനാകില്ല. ജീവനോടെയുള്ളിടത്തോളം കാലം ഞാൻ പോരാടുക തന്നെ ചെയ്യും’ - സ്വാതി മലിവാൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സ്വാതി മലിവാലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സ്വാതിയെ ആക്രമിച്ചുവെന്ന് പറയുന്ന വ്യക്തി എ.എ.പി അംഗമാണെന്നും അവരുടെ നാടകം ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് ഇപ്പോൾ വെളിപ്പെട്ടുവെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

സ്വാതിയെ ആക്രമിച്ച 47 കാരനായ ഹരീഷ് ചന്ദ്ര സൂര്യവാൻശി സൗത് ഡൽഹിയിലെ സംഘം വിഹാറിലെ എ.എ.പിയുടെ പ്രമുഖ പ്രവർത്തകനാ​ണെന്ന് ഡൽഹി ബി.ജെ.പി വർക്കിങ് പ്രസിഡന്റ് വിരേന്ദ്ര സച്ദേവ ആരോപിച്ചു. ഹരീഷ് എ.എ.പി എം.എൽ.എ പ്രകാശ് ജർവാലിനൊപ്പം പ്രചാരണത്തിനിറങ്ങിയ ഫോട്ടോ സച്ദേവ് പുറത്തുവിട്ടു. ഡൽഹി സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് കാണിക്കാൻ എ.എ.പി ഗൂഢാലോചന നടത്തി ഉണ്ടാക്കിയ നാടകമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നും ബി.ജെ.പി ആരോപിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് സ്വാതിക്ക് നേരെ ​കൈയേറ്റമുണ്ടായത്. ഡൽഹിയിലെ സ്ത്രീ സുരക്ഷയെ കുറിച്ച് മനസിലാക്കുന്നതിനായി പുലർച്ചെ എയിംസ് ആശുപത്രിക്ക് സമീപം റോഡിൽ തനിച്ച് നിൽക്കുകയായിരുന്ന സ്വാതി. ആ സമയം കാറിൽ മദ്യപിച്ചെത്തിയയാൾ അശ്ലീലം പറയുകയും അയാളെ പിടിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കാറിന്റെ വിൻഡോ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്വാതിയുടെ കൈ കാറിന്റെ വിൻഡോയിൽ കുടുങ്ങി 15 മീറ്ററോളം കാറിനൊപ്പം റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു. സ്വാതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാൻ ഉടൻ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.   

Tags:    
News Summary - "Dirty Lies": Delhi Women Panel's Head Slams BJP's 'Fake Sting' Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.