ബംഗളൂരു: പി.എം കെയേർസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. സോണിയ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ശിവകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ആഭ്യന്തര മന്ത്രി, ഡി.ജി.പി, ശിവമോഗ എസ്.പി എന്നിവർക്കും കത്തയച്ചിട്ടുണ്ട്.
എഫ്.ഐ.ആർ പിൻവലിക്കണമെന്നും കേസെടുക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത ഒാഫീസർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.വി. പ്രവീൺ എന്ന അഭിഭാഷകന്റെ പരാതിയിൽ ശിവമോഗയിലെ സാഗര ടൗൺ പൊലീസ് ആണ് ഐ.പി.സി 153 പ്രകാരമാണ് സോണിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊറോണ പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പി.എം കെയേര്‍സ് ഫണ്ട്.
ഇതിന്റെ സുതാര്യത സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് കേസിനാസ്പദമായത്. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്.
പി.എം കെയേര്‍സിൽ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വിവിധ കോണുകളിൽ നിന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മേയ് 11നാണ് കോൺഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.