ലഖ്നോ: മുൻ എം.എൽ.എയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുഖ്താർ അൻസാരിയുടെ മരണത്തിൽ അനുശോചിച്ച് ഈദ് ആഘോഷിക്കരുതെന്ന് ആഹ്വാനം ചെയ്ത് സമാജ്‌വാദി പാർട്ടി ഓഫിസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. എസ്.പിക്ക് കീഴിലെ സംഘടനയായ മുലായം സിംഗ് യൂത്ത് ബ്രിഗേഡ് മുൻ സംസ്ഥാന സെക്രട്ടറി നേതാവ് സുധാകർ യാദവിന്റെ പേരിലാണ് ഫ്ലക്സ്. എന്നാൽ ഇത് ജില്ല ഭരണാധികാരികൾ സ്ഥലത്തെത്തി എടുത്ത് മാറ്റി.
ശനിയാഴ്ചയായിരുന്നു സംഭവം. ഈ വർഷം ഈദ് ആഘോഷിക്കരുതെന്നും പകരം മുഖ്താർ അൻസാരിയുടെ വിയോഗത്തിൽ അനുശോചനം ആചരിക്കണമെന്നുമാണ് ഫ്ലക്സ് ബോർഡിൽ ഉണ്ടായിരുന്നത്. സമാജ്‌വാദി പാർട്ടിയുടെ ഓഫിസിന് മുന്നിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നത്. മുലായം സിംഗ്, അഖിലേഷ് യാദവ്, അസംഖാൻ, എസ്.പി സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തം പട്ടേൽ എന്നിവരുടെ ഫോട്ടോകൾക്കൊപ്പം മുഖ്താർ അൻസാരിയുടെ വലിയ ഫോട്ടോയും ഫ്ളക്സിൽ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് എസ്.പി നേതാവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
അതേസമയം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് മുഖ്താർ അൻസാരിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ അൻസാരിയുടെ വീട് സന്ദർശിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ മുഖ്താർ അൻസാരിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ സന്ദർശനം. മാർച്ച് 28നാണ് മുഖ്താർ അൻസാരി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.