ന്യൂഡൽഹി: തങ്ങൾക്കെതിരെ അരങ്ങേറിയ അതിക്രമം അന്വേഷിക്കുന്നതിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐയെ വിശ്വാസമില്ലെന്നും മണിപ്പൂരിൽനിന്ന് അസമിലേക്ക് കേസിന്റെ വിചാരണ മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കരുതെന്നും മണിപ്പൂർ വൈറൽ വിഡിയോയിലെ ഇരകളായ വനിതകൾ സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. ഇതേ തുടർന്ന് സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ കേന്ദ്ര, മണിപ്പൂർ സർക്കാറുകൾക്ക് എതിർപ്പില്ലെന്നും വിചാരണ അസമിലേക്ക് മാറ്റാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മണിപ്പൂരിനും കേന്ദ്രത്തിനുംവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് രണ്ട് ഇരകളും ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടിരിക്കുകയാണെന്നും വിചാരണ അസമിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഈ രണ്ടു നിർദേശങ്ങൾക്കും തങ്ങൾ എതിരാണെന്ന് രണ്ട് ഇരകൾക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. പൊലീസാണ് ഇരുവരെയും ജനക്കൂട്ടത്തിന് കൈമാറിയതെന്നും തുടർന്ന് ജനക്കൂട്ടം അവരെ നഗ്നരാക്കി വയലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും സിബൽ വ്യക്തമാക്കി.
മണിപ്പൂരിനുനേരെ കണ്ണടച്ച കേന്ദ്ര സർക്കാറിന്റെ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ ഗോത്ര വിഭാഗങ്ങൾക്ക് വിശ്വാസമില്ലെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസും അറിയിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ, വിരമിച്ച ഡി.ജി.പിമാർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ട കോളിൻ ഗോൺസാൽവസ് ചില പേരുകൾ മുന്നോട്ടുവെച്ചു. ‘ദി വുമൺ ഓഫ് ഇന്ത്യ’ക്കുവേണ്ടി ഹാജരായ അഡ്വ. ശോഭ ഗുപ്തയും എസ്.ഐ.ടി ആവശ്യം ഉന്നയിച്ചു.
ഭരണഘടനാപരമായ നടപടിയിലൂടെ സമുദായങ്ങളുടെ വിശ്വാസമാർജിക്കുകയാണ് ആത്യന്തികമായി കോടതി ലക്ഷ്യം വെക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരമൊരു സന്ദേശമാണ് സുപ്രീംകോടതി നൽകാനുദ്ദേശിക്കുന്നത്. ഭരണകൂടത്തിൽ വിശ്വാസം തിരിച്ചുപിടിക്കാനും രാജ്യത്തിന്റെ പരമോന്നത കോടതിക്ക് വിഷയത്തിൽ അങ്ങേയറ്റം ആശങ്കയുണ്ടെന്ന സന്ദേശം നൽകാനും മണിപ്പൂരിൽ കോടതി നിയോഗിക്കുന്ന സംഘത്തിന് കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
സമിതിയുടെ കാര്യത്തിൽ രണ്ടു നിർദേശങ്ങളാണ് മുന്നിലുള്ളത്. ഒന്ന്- സുപ്രീംകോടതിയുടെ തന്നെ ഒരു അന്വേഷണ സമിതി. അതിൽ വനിത ജഡ്ജിമാരും വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുമുണ്ടാകും. ഇരകളോട് സംവദിക്കണമെന്നുള്ളതുകൊണ്ട് സംഘത്തിൽ വനിതകൾ വേണം. ഇതിനായി പേരുകൾ നിർദേശിക്കാൻ സുപ്രീംകോടതി കക്ഷികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരോട് ആവശ്യപ്പെട്ടു.
രണ്ട്- സുപ്രീംകോടതിയുടെ കീഴിൽ പ്രത്യേകാന്വേഷണ സംഘം. അതിനുള്ള ചില പേരുകൾ ഹരജിക്കാർ സമർപ്പിച്ചിട്ടുണ്ടെന്നും അതിനോട് സർക്കാർ പ്രതികരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിഷയത്തിൽ എത്രത്തോളം ഇടപെടുമെന്നത് ഇത്രയും നാൾ സർക്കാർ എന്തുചെയ്തുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.