ഹൈദരാബാദ്: മകനെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കേന്ദ്രത്തിലെത്തിച്ച ശേഷം 50കാരനായ ഡോക്ടർ ആത്മഹത്യ ചെയ്തു. മേദകിലെ അസീംപുരയിൽ ശിശുരോഗ വിദഗ്ധനായി പ്രാക്ടീസ് ചെയ്യുന്ന ആർ. ചന്ദ്രശേഖറാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് രണ്ടാം വാരം ചന്ദ്രശേഖറിനെ മേദക് പൊലീസ് ചോദ്യം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഗൈനക്കോളജിസ്റ്റായ ഭാര്യ അനുരാധയും ചന്ദ്രശേഖറും ചേർന്ന് മേദകിൽ അനുരാധ നഴ്സിങ് ഹോം നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെ ആറുമണിക്ക് ഭാര്യക്കും മകൻ സോഹൻ സായ് വെങ്കട്ടിനുമൊപ്പം ചന്ദ്രശേഖർ ഹൈദരാബാദിലെത്തി. ശേഷമാണ് മകനെ നിസാംപേട്ടിലുള്ള പരീക്ഷകേന്ദ്രത്തിലാക്കിയത്.
'പരീക്ഷാകേന്ദ്രത്തിൽ സോഹനെ ഇറക്കിയ ശേഷം അനുരാധ അവരുടെ കാറിൽ മേദക്കിലേക്ക് മടങ്ങി. ചന്ദ്രശേഖർ കെ.പി.എച്ച്.ബി കോളനിയിലെ സിതാര ഗ്രാൻഡ് ഹോട്ടലിലേക്ക് പോയി. വിളിച്ചിട്ട് ചന്ദ്രശേഖർ ഫോൺ എടുക്കാതിരുന്നതോടെ ഭാര്യ ഉച്ച 2.30 ഓടെ ഹോട്ടൽ റിസപ്ഷനിലേക്ക് വിളിച്ചു. അവർ നടത്തിയ പരിശോധനയിലാണ് മുറിയിലെ സീലിങ് ഫാനിൽ നൈലോൺ കയർ ഉപയോഗിച്ച് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രശേഖർ ഏറെനാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്'-കെ.പി.എച്ച്.ബി ഇൻസ്പെക്ടർ എസ്. ലക്ഷ്മിനാരായണൻ പറഞ്ഞു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ വ്യവസായിയായ കെ. ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്ത ആറുപേരിൽ ഒരാളായിരുന്നു ചന്ദ്രശേഖറെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.