ചെന്നൈ: ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ മൂന്നു തവണ കാർ കയറ്റിയിറക്കി കൊന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽപ്പട്ട് മധുരാന്തകം ഹരിയുടെ മകൾ കീർത്തനയാണ് (26) ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഡോ. ഗോകുൽകുമാറാണ് പ്രതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
മൂന്നു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ എച്ച്.ആർ മാനേജറായ ഡോ. ഗോകുലും കീർത്തനയും ഒരു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. വിവാഹ മോചന കേസ് കോടതി പരിഗണനയിലാണ്.
രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന കീർത്തനയെ വീട്ടിൽ അതിക്രമിച്ചുകടന്നാണ് പ്രതി കുത്തിപ്പരിക്കേൽപിച്ചത്. പുറേത്തക്കോടിയ കീർത്തന റോഡിൽ വീണു. ഉടൻ പുറത്ത് നിർത്തിയിട്ടിരുന്ന കാറെടുത്ത് ഗോകുൽ ശരീരത്തിൽ കയറ്റിയിറക്കി. കീർത്തന സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തിൽ ഇരുപതിലധികം കുത്തേറ്റിട്ടുണ്ട്. തടയാനെത്തിയ പിതാവ് ഹരിക്കും കുത്തേറ്റു.
പിന്നീട് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഗോകുൽ അച്ചരപാക്കത്തിന് സമീപം ബൈക്കുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തശേഷമാണ് മധുരാന്തകം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.