രാംദേവിനെതിരെ നിലപാട് കടുപ്പിച്ച് ഡോക്ടർമാർ, ജൂൺ ഒന്നിന് ദേശീയതല പ്രതിഷേധം

ന്യൂഡൽഹി: ബാബ രാംദേവിനെതിരെ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. ആധുനിക വൈദ്യാസ്ത്രത്തിനെതിരായ രാംദേവിന്‍റെ പരാമർശത്തിനെതിരെ റസിഡന്‍റ് ഡോക്ടർമാരുടെ സംഘടനയായ എഫ്.ഒ.ആർ.ഡി.എ ജൂൺ ഒന്നിന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

കോവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവർ അനുഷ്ഠിക്കുന്ന ത്യാഗ നിർഭരമായ സേവനത്തെ പരിഹസിക്കുന്നതാണ് രാംദേവിന്‍റെ വാക്കുകളെന്ന് ഫെഡറേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.

രാംദേവിനെതിരെ നാളിതുവരെയായി ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ജൂൺ ഒന്നിന് ദേശീയ തലത്തിൽ കരിദിനായി ആചരിക്കാനും ഫെഡറേഷൻ തീരുമാനിച്ചു. തങ്ങളുടെ പ്രതിഷേധം മൂലം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും സംഘടന അറിയിച്ചു.

രാംദേവിന്‍റെ അഭിപ്രായങ്ങൾ വാക്സിനെതിരെ ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം. എപ്പിഡെമിക് ഡിസീസ് ആക്ട് 1897 പ്രകാരം ഇയാൾക്കെതിരെ കേസ് ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

വാക്സിൻ രണ്ടു ഡോസ് എടുത്തിട്ടും ലക്ഷക്കണക്കിന് ഡോക്ടർമാരാണ് മരിച്ചതെന്ന് രാംദേവ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രസ്താവന വ്യാപകമായി വിമർശിക്കപ്പെടുകയും ആരോഗ്യ മന്ത്രി ഹർഷ് വർധൻ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിഡിയോ പിൻവലിച്ചെങ്കിലും ഇന്ത്യൻ മെഡിക്കൽ അസസിയേഷനോട് 25 ചോദ്യങ്ങളുമായി ട്വിറ്ററിൽ ഒരു തുറന്ന കത്ത് രാംദേവ് പോസ്റ്റ് ചെയ്തു. തുടർന്ന് പരസ്യമായ വാദപ്രതിവാദത്തിന് രാംദേവിനെ ഐ.എം.എ വെല്ലുവിളിച്ചിരുന്നു.  

Tags:    
News Summary - doctors' association to hold nationwide protest on June 1 over Ramdev's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.