ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​ലാ​ത്സം​ഗത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ൽ​ക്ക​ത്തയിൽ വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നു​നേ​രെ നടന്ന പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ്

ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കൊ​ല: മമതയുടെ രാജി ആവശ്യപ്പെട്ടുള്ള സെക്രട്ടേറിയറ്റ് മാർച്ചിനിടെ ലാത്തിച്ചാർജ്; ബുധനാഴ്ച ബി.ജെ.പി ബന്ദ്

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും ഒരുവിഭാഗം സർക്കാർ ജീവനക്കാരും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ്. കണ്ണീർ വാതകം പ്രയോഗിച്ചും ജലപീരങ്കി ഉപയോഗിച്ചും പൊലീസ് പ്രക്ഷോഭകരെ നേരിട്ടു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച 12 മണിക്കൂർ ബന്ദിന് ബി.ജെ.പി ആഹ്വാനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’ ലക്ഷ്യമിട്ട് വിദ്യാർഥി സംഘടനയായ പശ്ചിം ബംഗാ ഛാത്ര സമാജും സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ സംഗ്രാമി ജൗത്ത മഞ്ചയും ആഹ്വാനം ചെയ്ത ‘നബന്ന അഭിയാൻ’ പ്രക്ഷോഭ യാത്ര തടയാൻ വൻ സന്നാഹമാണ് പൊലീസ് ഒരുക്കിയത്. മധ്യ കൊൽക്കത്തയിലെ കോളജ് സ്ക്വയറിൽനിന്നും ഹൗറയിലെ സാന്ദ്രഗച്ചിയിൽനിന്നും രണ്ട് മാർച്ചുകളാണ് സെക്രട്ടേറിയറ്റ് ലക്ഷ്യമിട്ട് പുറപ്പെട്ടത്. മാർച്ച് നേരിടാൻ പൊലീസിന് പുറമേ ദ്രുത കർമസേനയെയും വിന്യസിച്ചിരുന്നു.

കൊൽക്കത്തയിൽ 25ഉം ഹൗറയിൽ 30ഉം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയോഗിച്ചത്. ഹൗറ പാലത്തിലും സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷൻ പരിസരത്തും പൊലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രക്ഷോഭകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സാന്ദ്രഗച്ചിയിൽ പ്രക്ഷോഭകർ പൊലീസിന് നേരെ ഇഷ്ടിക എറിഞ്ഞു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായി പ്രക്ഷോഭകരും ആരോപിച്ചു. സമാധാനപരമായി റാലി നടത്തിയവരെ പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. നൂറുകണക്കിന് പ്രക്ഷോഭകർക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിൽ പങ്കെടുക്കേണ്ടിയിരുന്ന നാല് വിദ്യാർഥികളെ തിങ്കളാഴ്ച രാത്രിമുതൽ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സമരക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന ഇവരെ ഫോണിൽ കിട്ടുന്നില്ലെന്നും മമതാ ബാനർജിയുടെ പൊലീസ് തടവിലാക്കിയിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ആരോപണം ഹൗറ പൊലീസ് കമീഷണർ പ്രവീൻ ത്രിപാഠി നിഷേധിച്ചു. പ്രക്ഷോഭത്തിനിടെ കലാപവും കൊലപാതകവും നടത്താൻ ഗൂഢാലോചന നടത്തിയതിന് നാലുപേരെയും കരുതൽ തടവിലാക്കിയതാണെന്നും ഇക്കാര്യം വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുകാർക്ക് ഇതുസംബന്ധിച്ച് വിവരമൊന്നുമില്ലെന്നും നാലുപേരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതിയെ സമീപിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ബി.ജെ.പിയുടെയോ മറ്റേതെങ്കിലും പാർട്ടിയുടെയോ നേതാക്കളുണ്ടാകില്ലെന്ന് ഛാത്ര സമാജ് ഭാരവാഹികൾ പറഞ്ഞു.

ആർ.ജി കറിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ ഇ.ഡിയും

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്തു. സി.ബി.ഐ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സ്വമേധയാ കേസെടുക്കുകയാണ് ഇ.ഡി ചെയ്തത്.മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ കാലത്ത് മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്നതിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് ഇ.ഡി വിവിധ കേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ ഭാഗമായി സന്ദീപ് ഘോഷ്, മുൻ വൈസ് പ്രിൻസിപ്പൽ സഞ്ജയ് വസിഷ്ഠ് എന്നിവരുൾപ്പെടെ 13 പേരുടെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മെഡിക്കൽ കോളജിലേക്ക് മരുന്നും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങളും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്.

Tags:    
News Summary - Doctor's rape murder: Lathi-charge during secretariat march; BJP bandh on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.