ന്യൂഡൽഹി: മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്നും അവ അണുവിമുക്തമാക്കി ഉപയോഗിക്കണ മെന്നും മുന്നറിയിപ്പ് നൽകുകയാണ് റായ്പുർ എയിംസിലെ ഡോക്ടർമാർ.
ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതും അവർ ക്വാറൻറീനിൽ പോകുന്നതും വ്യാപകമായ പശ്ചാത്തലത്തിലാണ് എയിംസിലെ അഞ്ച് ഡോക്ടർമാർ ചേർന്ന് ബി.എം.ജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും ഇതിലൂടെ ആരോഗ്യപ്രവർത്തകരിൽ രോഗബാധയുണ്ടാവുന്ന ഒരു കാരണത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന അടക്കമുള്ള ഏജൻസികൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലൊന്നും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. എന്നാൽ മൊബൈൽ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാരുടെ വാദം. അതേസമയം, ഇതിന് തെളിവില്ലെന്നും ഒരു സാധ്യത മാത്രമാണിതെന്നും ലേഖനം വിശദീകരിക്കുന്നു.
മൊബൈൽ ഫോൺ പ്രതലം അപകടസാധ്യത കൂടുതലുള്ള ഒന്നാണ്. ഫോണിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ ഇത് നേരിട്ട് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു. ആരോഗ്യപ്രവർത്തകർ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പലരും മൊബൈൽ ഫോണുകൾ അണുവിമുക്തമാക്കാറില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ പ്രവർത്തകർക്ക് തമ്മിൽ ആശയവിനിമയം നടത്താനും മെഡിക്കൽ മാർഗനിർദേശങ്ങൾ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാനും ടെലിമെഡിസിൻ ആവശ്യങ്ങൾക്കുമൊക്കെ ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.