കൊച്ചി: ജനജീവിതം ദുസ്സഹമാക്കി പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ചതോടെ വില ആയിരം കടന്നു. നിലവിലെ വില 956.50 രൂപയായിരുന്നു. കൊച്ചിയിൽ 1006.50 രൂപ, കോഴിക്കോട് 1013.50 രൂപ, തിരുവനന്തപുരം 1009 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 999.50 രൂപയാണ് ന്യൂഡൽഹിയിൽ.
ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. മാർച്ച് 22 ന് 50 രൂപ കൂട്ടിയിരുന്നു. അതിനും മുമ്പ് 2021 ഒക്ടോബർ ആറിന് 15 രൂപയും കൂട്ടി. 2021 ജനുവരി മുതൽ ഒക്ടോബർ വരെ 13 തവണയായി 255.50 രൂപയാണ് വർധിപ്പിച്ചത്.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് മേയ് ഒന്നിന് 102.50 രൂപ കൂട്ടിയിരുന്നു. 2381 രൂപയാണ് കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില. തിരുവനന്തപുരത്ത് 2400, കോഴിക്കോട് 2410.50 എന്നിങ്ങനെയും. മൂന്നുമാസത്തിനിടെ വാണിജ്യ സിലിണ്ടറുകൾക്ക് മൂന്നുതവണയാണ് വിലവർധനയുണ്ടായത്. ഏപ്രിൽ ഒന്നിന് 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടുന്നത് പാചകവാതക വിലയിലും പ്രതിഫലിക്കുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം. യുക്രെയ്ൻ യുദ്ധമാണ് പ്രധാനമായും അവർ ഉയർത്തിക്കാട്ടുന്ന കാരണം.
ഗാർഹിക പാചകവാതക വിലവർധന സാധാരണക്കാരായ കുടുംബങ്ങളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നതാണ്. യുക്രെയ്ൻ യുദ്ധപ്രതിസന്ധി തുടരുന്നത് വില ഇനിയും ഉയരാനിടയാക്കുമെന്നാണ് വിലയിരുത്തൽ. പെട്രോൾ, ഡീസൽ വിലവർധനയിൽ നട്ടംതിരിയുന്ന ജനത്തിന് വിവിധ മേഖലകളിൽ വലിയ വിലക്കയറ്റത്തെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. അതിനോടൊപ്പം പാചകവാതക വിലയും കുതിക്കുമ്പോൾ പൊറുതിമുട്ടിയ സ്ഥിതിയിലാണ് പൊതുജനം.
പാചക വാതക വിലക്കയറ്റത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാജ്യത്തെ ദശലക്ഷക്കണക്കിന് വീട്ടകങ്ങൾ കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും മോശം ഭരണത്തിനുമെതിരായ ദുർഘട പോരാട്ടത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ന് ഒരു സിലിണ്ടറിന് വില 999 രൂപയാണ് (ഡൽഹിയിൽ). സബ്സിഡി തുക പൂജ്യവും. സാധാരണക്കാരനെ സംരക്ഷിക്കാൻ കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാവലകളെല്ലാം മോദി സർക്കാർ എടുത്തുകളഞ്ഞിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കാൻ കോൺഗ്രസ് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.