ന്യൂഡൽഹി: ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ച ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിയിൽ പ്രതികരിച്ച് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ‘ഒരാൾക്ക് എടുക്കാവുന്ന ഏറ്റവും വലിയ പാഠം, ഒരിക്കലും അമിത ആത്മവിശ്വാസം പുലർത്തരുത് എന്നതാണ്’. കോൺഗ്രസിനെ പരാജയപ്പെടുത്തി ഹരിയാനയിൽ മൂന്നാം തവണയും ബി.ജെ.പി അധികാരത്തിൽ വന്നിരുന്നു.
ഡൽഹിയിൽ മുനിസിപ്പൽ കൗൺസിലർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ രീതിയിൽ പ്രതികരിച്ചത്. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഹരിയാനയിലെ 90 സീറ്റുകളിൽ 89 എണ്ണത്തിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആം ആദ്മി പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ പ്രചാരണം നടത്തിയിട്ടും പോൾ ചെയ്ത വോട്ടുകളുടെ 1.75 ശതമാനം മാത്രമാണ് അവർക്ക് നേടാനായത്. ഭിവാനിയിൽ ജനിച്ച കെജ്‌രിവാൾ ആ പേരുപറഞ്ഞ് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ‘ഓരോ തെരഞ്ഞെടുപ്പും ഓരോ സീറ്റും കഠിനമായതിനാൽ ഒരു തെരഞ്ഞെടുപ്പിനെയും നിസ്സാരമായി കാണേണ്ടതില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
അതിനിടെ, ഹരിയാനയിലെ മിക്കവാറും എല്ലാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസിന്റെ വോട്ടുകൾ വെട്ടിക്കുറച്ച് എ.എ.പി ‘ഇൻഡ്യ’ സഖ്യത്തെ വഞ്ചിച്ചുവെന്ന് എ.എ.പിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാൾ പറഞ്ഞു. ‘അദ്ദേഹം ഹരിയാനയിൽ വന്നത് കോൺഗ്രസിനോട് പ്രതികാരം ചെയ്യാൻ മാത്രമാണ്. അദ്ദേഹം ഞാൻ ഒരു ബി.ജെ.പി ഏജൻറാണെന്ന് ആരോപിച്ചു, ഇന്ന് അദ്ദേഹം തന്നെ ‘ഇൻഡ്യ’ സംഘത്തെ ഒറ്റിക്കൊടുക്കുകയും കോൺഗ്രസിന്റെ വോട്ടുകൾ വെട്ടിക്കുറക്കുകയും ചെയ്യുന്നു’
‘ഇനിയും സമയമുണ്ട്, നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, നിങ്ങളുടെ മങ്ങിയ കണ്ണുകളിൽ നിന്ന് മൂടുപടം നീക്കുക, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക.’ കെജ്രിവാളിനെ കുറിച്ച് അവർ എക്സിൽ ഷെയർ ചെയ്ത പോസ്റ്റിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.