തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള ബി.ജെ.പി സർക്കാരിന്റെ കെണിയിൽ വീഴരുതെന്ന് മനീഷ് സിസോദിയ

ഷിംല: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പി സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ജയ് റാം താക്കൂർ സൗജന്യ വൈദ്യുതിയും ജലവിതരണവും സ്ത്രീകൾക്ക് ബസ് ചാർജിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മനീഷ് സിസോദിയയുടെ ആരോപണം. ബി.ജെ.പി സർക്കാർ അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണം മാതൃകയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹിമാചൽ പ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ ബി.ജെ.പി മുഖ്യമന്ത്രി നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും പിൻവലിക്കുമെന്ന് സിസോദിയ പറഞ്ഞു. ബി.ജെ.പിയുടെ കെണിയിൽ വീഴരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബി.ജെ.പി തന്റെ ഭരണ മാതൃകയെ പകർത്തുകയാണെന്നും സമാനമായ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും ആരോപിച്ചിരുന്നു.

ജയ് റാം താക്കൂർ ചമ്പയിൽ നടന്ന പാർട്ടി പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സൗജന്യ വൈദ്യുതി നൽകുന്നതിനെ കുറിച്ചും ഗ്രാമപ്രദേശങ്ങളിൽ വാട്ടർ ബില്ലുകൾ ഒഴിവാക്കുന്നതിനെ കുറിച്ചും പ്രഖ്യാപിച്ചത്. സ്ത്രീകളുടെ ബസ് ചാർജ് 50 ശതമാനം കുറക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ 18 സംസ്ഥാനങ്ങളിൽ ബി.ജെ.പിയും അവരുടെ സുഹൃത്തുക്കളും അധികാരത്തിലുണ്ടെങ്കിലും ഇതിലൊന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ട് പോലുമില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഹിമാചൽ പ്രദേശ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ വൈദ്യുതിയും വെള്ളവും ബസ് ചാർജും പ്രഖ്യാപിച്ചതെന്നും പാർട്ടിക്ക് കെജ്രിവാളിനെയും എ.എ.പിയെയും ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ പരാജയം ഭയന്നാണ് ബി.ജെ.പി സർക്കാർ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Don’t fall in BJP trap: AAP leader Manish Sisodia after Himachal Pradesh CM announces free power, water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.