ന്യൂഡൽഹി: ‘ഓൾ ഇന്ത്യ റേഡിയോ’ എന്നു പറയുന്നത് നിർത്തി ‘ആകാശവാണി’ എന്നു തന്നെ ഉപയോഗിക്കണമെന്ന പ്രസാർ ഭാരതിയുടെ നിർദേശത്തിനെതിരെ ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ. ബാലു കേന്ദ്ര സർക്കാറിന് കത്തയച്ചു.
തമിഴ്നാട്ടിൽ ആകാശവാണിക്ക് തത്തുല്യപദമായ ‘വാനൊലി’ എന്നാണ് ഉപയോഗിച്ചുവരുന്നതെന്നും തമിഴ്പദത്തിനെതിരെ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധമുയർന്നിട്ടുണ്ടെന്നും ഡി.എം.കെ നേതാവ് ഓർമിപ്പിച്ചു. ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള പ്രക്ഷേപണങ്ങളിൽ ദശകങ്ങളായി ഉപയോഗിക്കുന്ന ‘ഓൾ ഇന്ത്യ റോഡിയോ’ അടിയന്തരമായി നിർത്തലാക്കേണ്ട സാഹചര്യമെന്താണെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിനുള്ള കത്തിൽ ബാലു ചോദിച്ചു.
ഏതാനും ദിവസമായി രാജ്യത്തെ എല്ലാ ആകാശവാണി നിലയങ്ങളും ‘ഓൾ ഇന്ത്യ റേഡിയോ’ എന്നുപയോഗിക്കുന്നത് നിർത്തിവെച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തന്റെ കത്തെന്ന് ബാലു വ്യക്തമാക്കി. പഴയ തീരുമാനം ഇപ്പോൾ നടപ്പാക്കിയതെന്ന് പ്രസാർ ഭാരതി അവകാശപ്പെട്ടാലും അത് ശരിയല്ലെന്നും എല്ലാവർക്കും സ്വീകാര്യമല്ലെന്നും കത്ത് തുടർന്നു.
പ്രസാർഭാരതിയുടെ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലടക്കം പ്രതിഷേധമുയർന്നിട്ടുണ്ട്. ആകാശവാണിയിൽ തമിഴ്പദം ഉപയോഗിക്കാനുള്ള അവകാശം നിഷേധിച്ച് തൽസ്ഥാനത്ത് ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. ഡി.എം.കെയും ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കുകയാണെന്നും വിഷയത്തിൽ ഇടപെട്ട് പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ബാലു കത്തിലെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.