മോദിയെ ജനങ്ങൾ വിശ്വസിക്കുമെന്ന് തോന്നുന്നില്ല; ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ സമീപനം ശരിയല്ലെന്ന് അശോക് ഗെഹ്ലോട്

ജയ്പൂർ: ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ സമീപനം തെറ്റാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തെ മതത്തിന് പുറമെ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളെ മുൻനിർത്തി നേരിടാനും അദ്ദേഹം ശ്രമിക്കണമെന്നും ഗെഹ്ലോട് കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

"മോദിജിയെ ജനങ്ങൾ ഇനി വിശ്വസിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്‍റെ സമീപനം ശരിയല്ല. വ്യക്തിപരമായി മോദിയുമായി വിദ്വേഷമോ തർക്കമോ ഇല്ല. കോൺഗ്രസ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് മോദി ചർച്ച ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ അത്തരമൊരു ചർച്ചക്ക് അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം മതത്തിന്‍റെ കൂട്ട് പിടിച്ച് തെരഞ്ഞെടുപ്പിനെ മറ്റൊരു ദിശയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത് ശരിയല്ല. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് സംസ്ഥാനത്തെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. ജനങ്ങൾക്ക് പാർട്ടിയെ വിശ്വാസമുണ്ട്" - ഗെഹ്ലോട് പറഞ്ഞു.

സംസ്ഥാനത്ത് സ്തീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയും കേന്ദ്രവും രാജസ്ഥാൻ സർക്കാരിനെ വിമർശിക്കുന്നത്. എന്നാൽ മധ്യപ്രദേശിലാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതലെന്നും ഇത് സംബന്ധിച്ച വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"വർഗീയ കലാപം നടക്കുന്ന മണിപൂരിൽ മോദി ഇതുവരെ സന്ദർശിച്ചിട്ടില്ല. മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്നുണ്ടോ? പാർലമെന്‍റിൽ മണിപ്പൂർ വിഷയം ഉന്നയിച്ചപ്പോൾ അവർ രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് ചോദ്യം ചെയ്തു. ഇവ തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയുന്നവയാണോ? മണിപ്പൂരിൽ ആഭ്യന്തര യുദ്ധം നടക്കുമ്പോൾ ബി.ജെ.പിക്കാർ ഇത്തരം പരാമർശങ്ങളാണ് നടത്തുന്നത്. രാജസ്ഥാനിൽ ഏതൊരാൾക്കും പൊലീസിൽ പരാതിപ്പെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. രാജസ്ഥാനേക്കാൾ അധികം കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ നടക്കുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം സർക്കാർ എത്രത്തോളം വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതാണ്. രാജസ്ഥാൻ സർക്കാർ ഓരോ വിഷയത്തിലും കഴിയാവുന്നത്ര വേഗത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നവരാണ്" ഗെഹ്ലോട് കൂട്ടിച്ചേർത്തു.

കനയ്യലാൽ കൊലപാതകം കോൺഗ്രസ് മണിക്കൂറുകൾ കൊണ്ടാണ് തീർപ്പാക്കിയത്. പ്രതികൾ ബി.ജെ.പി നേതാക്കളുമായി ചേർന്നിനിൽക്കുന്നവരാണെന്നും കനയ്യലാലിന്‍റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി പത്ത് കോടി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ എം.എൽ.എമാർ അത് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നും ഗെഹ്ലോട് പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ അഴിമതിക്കാരാണെന്ന ബി.ജെ.പി വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിൽ അഴിമതിക്കാരായിരുന്നുവെങ്കിൽ അവർ പണം വാങ്ങി ബി.ജെ.പിക്കൊപ്പം ചേരുമായിരുന്നു. 2020ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കാതിരുന്നതോടെ ബി.ജെ.പിക്ക് തന്നോട് അമർഷമുണ്ടെന്നും ഇതിന് തന്‍റെ കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Don't think people will trust Modi again says Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.