ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപതി ഭവനിൽ ഒരു പ്രതിമയുടെ ആവശ്യം വരില്ലെന്നാണ് തേജസ്വി പറഞ്ഞത്.
'നാം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നുണ്ട്. അതിനാൽ ഇനി നമുക്ക് രാഷ്ട്രപതി ഭവനിൽ ഒരു പ്രതിമയും ആവശ്യമില്ല. നിങ്ങൾ എപ്പോഴും യശ്വന്ത് സിൻഹയെ കേട്ടിട്ടുണ്ടാകും, എന്നാൽ ഭരണകക്ഷിയുടെ രാഷ്ട്രപതി സ്ഥാനാർഥിയുടെ ശബ്ദം കേട്ടിട്ടില്ല' യാദവ് പറഞ്ഞു.
എൻ.ഡി.എയുടെ സ്ഥാനാർഥിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടിട്ടും വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്ന് തേജസ്വി യാദവ് കൂട്ടിച്ചേർത്തു. നിങ്ങൾ പോലും അവരെ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് അജോയ് കുമാർ മുർമുവിനെതിരെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പരാമർശം.
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി 'ഇന്ത്യയുടെ വളരെ ദുഷിച്ച ആശയത്തെ പ്രതിനിധീകരിക്കുന്നുവെന്നും അവരെ ആദിവാസികളുടെ പ്രതീകമാക്കരുതെന്നുമായിരുന്നു അജോയ് കുമാർ പറഞ്ഞത്.
മുർമുവിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല രണ്ട് നേതാക്കളെയും വിമർശിച്ചു. അവർ ആദിവാസി സമൂഹത്തെയാകെ അവഹേളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുർമുവിനെ ദുഷിച്ചത് എന്ന് മുദ്രകുത്തി. പുതുച്ചേരി കോൺഗ്രസ് അവരെ 'ഡമ്മി' എന്ന് വിളിച്ചു. ഇപ്പോൾ ആർ.ജെ.ഡി അവരെ പ്രതിമ എന്ന് വിളിക്കുന്നു. ഇന്ത്യയുടെ ആദ്യ വനിതാ ആദിവാസി രാഷ്ട്രപതിയാകാൻ തയ്യാറെടുക്കുന്ന ഒരാളെ അപമാനിക്കാനാണ് ഇത്തരം നിന്ദ്യമായ ആദിവാസി വിരുദ്ധ പരാമർശങ്ങൾ' അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിലെ ഇടതുപക്ഷവും കോൺഗ്രസും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ മുർമുവിന് പിന്തുണ നൽകുമെന്ന് ആർ.ജെ.ഡിയുടെ സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.