ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡൽഹി സർക്കാർ ആവിഷ്കരിച്ച വാതിൽപ്പടി റേഷൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ മോദിക്ക് കത്തയച്ചത്.
രാജ്യതലസ്ഥാനത്തെ 72 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളെ സഹായിക്കുന്ന പദ്ധതിക്ക് ഉടൻ അനുമതി നൽകണം. പദ്ധതിയിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും അയച്ച കത്തിൽ കെജ്‌രിവാൾ സൂചിപ്പിക്കുന്നു.
മോദിസർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കെജ്‌രിവാൾ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. പിസയും, ബർഗറും, സ്മാർട്ട്ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടിൽ എത്തിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് റേഷൻ ഉടമകളുടെ വീട്ടിൽ എത്തിക്കാൻ കഴിയില്ലെന്ന് കെജ്‌രിവാൾ ചോദിച്ചു. റേഷൻ ഷാപ്പുകളിലേക്ക് ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് കാലത്ത് അപകടമാണ്. റേഷൻ കടകൾ സൂപ്പർ സ്പ്രെഡുകളായി മാറുമെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്കരിച്ചത്. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയി റേഷൻ വാങ്ങാൻ മടിക്കുന്നവർക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്‌രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.