ഒാക്സിജൻ കിട്ടാതെ പിടയുന്ന കുട്ടികളെ രക്ഷിക്കാൻ ഒാടിനടന്ന 'കുറ്റത്തിന്' ഭരണകൂട വേട്ടക്കിരയായ ഡോക്ടർ ഖഫീൽ ഖാൻ ആ ദിവസങ്ങളിലെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. 'അതിമാരകമായ ഒരു വൈദ്യ ദുരന്തത്തെ കുറിച്ച് ഒരു ഡോക്ടറുടെ അനുഭവ കുറിപ്പ്' എന്ന് പേരിട്ട പുസ്തകം ഇന്നാണ് പ്രകാശനം ചെയ്യുന്നത്.
2017 ആഗസ്റ്റിലാണ് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ ബാബ രാഗവ് ദാസ് മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 81 ആളുകൾ മരിച്ചത്. ഇതിൽ ഭൂരിപക്ഷവും കുട്ടികളായിരുന്നു. മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗത്തിലെ ജൂനിയർ ലക്ച്ചററായിരുന്നു അന്ന് ഡോ. ഖഫിൽ ഖാൻ. വിതരണക്കാർക്ക് കൃത്യസമയത്ത് പണം നൽകാത്തതും മറ്റു ഭരണപരമായ പ്രശ്നങ്ങളും കാരണമായിരുന്നു ആശുപത്രിയിൽ ഒാക്സിജൻ ക്ഷാമമുണ്ടായത്. ദുരന്ത സാധ്യത പലരും നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കണ്ണടക്കുകയായിരുന്നു. അടിയന്തരമായി ഒാക്സിജൻ ലഭ്യമാക്കാൻ സ്വന്തം പണം മുടക്കിയും മറ്റും ഒാടിനടന്ന് പ്രവർത്തിച്ച ഡോ. ഖഫിൽ ഖാൻ അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തം നടന്ന ആശുപത്രി സന്ദർശിച്ചതോടെ കാര്യങ്ങൾ മാറിമറിയുന്നതാണ് കണ്ടത്. അധികൃതരുടെയും സർക്കാറിന്‍റെ വീഴ്ച മറച്ചുവെക്കാൻ ഖഫിൽ ഖാനടക്കമുള്ള 'നായകരെ' മുഖ്യമന്ത്രി 'വില്ലൻമാരായി' അവതരിപ്പിക്കുകയായിരുന്നു. അധികൃതരുടെ വീഴ്ച ചൂണ്ടികാട്ടിയ ഖഫീൽ ഖാനോട് പ്രതികാരബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിച്ചത്.
ഖഫിൽ ഖാനെതിരെ കേസെടുക്കുകയും സസ്പെന്റു ചെയ്യുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിയും വന്നു. ഒരു തവണ ജയിൽ മോചിതനായ ശേഷം മറ്റൊരു കേസിൽ വീണ്ടും ജയിലിലടച്ചു. ഈ കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കുേമ്പാഴേക്കും ജയിൽ വാസം വീണ്ടും അരക്കൊല്ലത്തിലധികമായി നീണ്ടിരുന്നു.
അന്ന് ആശുപത്രിയിൽ നടന്ന സംഭവങ്ങളും അതിലെ അന്തർനാടകങ്ങളും വിവരിക്കുന്നതാണ് ഖഫീൽ ഖാന്‍റെ പുസ്തകം. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ആതമ്ാർഥമായി ഒാടിനടന്ന ഒരു ഡോക്ടറെ ഭരണകൂടത്തിന്‍റെ വീഴ്ചകൾ മറച്ചുവെക്കാൻ വേട്ടയാടിയ സംഭവം വിവാദങ്ങളേറെയുണ്ടാക്കിയിട്ടും അധികൃതർ തെല്ലും കുലുങ്ങിയിരുന്നില്ല. യോഗി സർക്കാർ ഖഫീൽ ഖാനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ഒടുവിൽ ചെയ്തത്. ഈ സംഭവങ്ങളുടെ നേർവിവരണമാണ് ഖഫീൽ ഖാന്‍റെ പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.