കൊൽക്കത്ത: പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാൽ സിങ് ഭുള്ളറിനെയും സഹായി ജാസി ഖറാറിനെയും ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. കൊൽക്കത്ത ന്യൂ ടൗണിലെ സപൂർജി പലഞ്ചി പാർപ്പിട സമുച്ചയത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പഞ്ചാബ് പൊലീസും ബംഗാൾ പൊലീസും പ്രത്യേക ദൗത്യസേനയും (എസ്.ടി.എഫ്) സംയുക്തമായാണ് ഒാപറേഷൻ നടത്തിയത്. കൊൽക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കള്ളക്കടത്ത് തുടങ്ങി അമ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്പാൽ ഭുള്ളർ. കുറ്റകൃത്യങ്ങളിൽ പ്രാവീണ്യം നേടിയ, സംസ്ഥാനങ്ങളിലുടനീളം ഗുണ്ടാസംഘങ്ങളെ സൃഷ്ടിച്ച ഒരേയൊരു ക്രിമിനൽ സംഘമാണ് ഭുള്ളറിന്‍റേത്. ഇവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല.
ലുധിയാനയിലെ ജാഗ്രോണിലെ ന്യൂ ഗ്രെയിൻ മാർക്കറ്റിൽ രണ്ട് പഞ്ചാബ് പൊലീസ് എ.എസ്.ഐമാരെ വെടിവച്ച് കൊന്നതിനെ തുടർന്ന് മെയ് 15 മുതൽ പ്രത്യേക അന്വേഷണ സംഘം ഭുള്ളറിനെ പിന്തുടരുകയായിരുന്നു. ഈ കേസിൽ ഫിറോസ്പൂരിലെ ജയ്പാൽ സിങ് ഭുള്ളർ, മൊഗയിലെ ബൽജിന്ദർ സിങ് എന്ന ബബ്ബു, ഖരാറിലെ ജസ്പ്രീത് സിങ്, ലുധിയാന ജില്ലയിലെ ദർശൻ സിങ് എന്നിവർ പ്രതികളാണ്.
കുറ്റവാളികളെ സഹായിച്ച ലുധിയാന സ്വദേശി ലക്കി രജപുത് എന്ന ലക്കിയെ ജൂൺ ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. ദർശൻ സിങ്, ബൽജിന്ദർ സിങ് എന്നിവരെ മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്ന് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.