തിരുവനന്തപുരം: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനും ഭേദഗതി വരുത്താനുമുള്ള അധികാരം ഡിവിഷനൽ റെയിൽവേ മാനേജർമാരിൽനിന്ന് (ഡി.ആർ.എം) എടുത്തുമാറ്റി റെയിൽവേ ബോർഡിന്‍റെ നിർണായക നീക്കം. പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ മിനിമം നിരക്ക് 10 രൂപയാണെങ്കിലും വിശേഷാവസരങ്ങളിൽ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാൻ 50 രൂപ വരെ ഡി.ആർ.എമ്മുമാർ വർധിപ്പിക്കാറുണ്ട്. യാത്രക്കാർക്ക് ഇരുട്ടടിയാകുന്ന അപ്രതീക്ഷിത വർധനക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് റെയിൽവേ ബോർഡിന്‍റെ അടിയന്തര നീക്കമെന്നാണ് വിവരം. തീരുമാനം എത്രയുംവേഗം നടപ്പാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
2015ലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഡി.ആർ.എമ്മുമാർക്ക് നൽകിയത്. സ്റ്റേഷനുകളിലെ തിരക്കും പ്രാദേശിക സാഹചര്യവും കണക്കിലെടുത്ത് അതാത് ഡിവിഷനൽ റെയിൽവേ മാനേജർമാർക്ക് നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു നിർദേശം. പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് ഏകീകൃത സ്വഭാവമുള്ളതല്ലെന്നും ആവശ്യമെങ്കിൽ മാറ്റാമെന്നും 2019ൽ റെയിൽവേ ബോർഡ് സർക്കുലറുമുണ്ടായിരുന്നു. ഉത്സവ സീസണുകൾ, മേളകൾ തുടങ്ങിയ അവസരങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുയർത്തി ആളുകൾ അനാവശ്യമായി സ്റ്റേഷനുകളിൽ പ്രവേശിക്കുന്നത് തടയാനാണ് പല ഡിവിഷനുകളും ഈ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നത്.
കോവിഡിന് ശേഷം നിയന്ത്രണങ്ങളോടെ ട്രെയിനുകൾ ഓടിത്തുടങ്ങിയ ഘട്ടത്തിൽ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാൻ മിക്ക ഡിവിഷനുകളും പ്ലാറ്റ്ഫോം നിരക്കുയർത്തി. വെസ്റ്റേൺ റെയിൽവേയിലെ രത്ലം ഡിവിഷന് കീഴിൽ 135 സ്റ്റേഷനുകളിലാണ് ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി കോവിഡ് മൂലം പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുയർത്തിയത്. ഇക്കഴിഞ്ഞ ദീപാവലി സീസണിലും പല ഡിവിഷനുകളും നിരക്ക് വർധിപ്പിച്ചിരുന്നു.
പാലക്കാട് ഡിവിഷനിൽ 2021 മേയ് ഒന്നുമുതൽ ജൂലൈ 31 വരെ പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കലെന്ന ലക്ഷ്യത്തിന് പകരം വരുമാന വർധനക്കുള്ള മാർഗമെന്ന നിലയിലേക്ക് പല ഡിവിഷനുകളും ഈ സൗകര്യത്തെ കണ്ട് തുടങ്ങിയതിനെതിരെ വ്യപക പ്രതിഷേധമാണുയർന്നത്. 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 30 രൂപയുടെ ലോക്കൽ ടിക്കറ്റെടുത്താൽ മതിയെന്നിരിക്കെയാണ് നിരക്ക് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.