എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ ഗ്രാമത്തിൽ ആളുകൾ ലഡു തയ്യാറാക്കുന്നു 

മുർമുവിന്റെ നാട്ടിൽ ലഡുപൊട്ടി; ആഘോഷാരവത്തിൽ നാട്ടുകാർ

ഭുവനേശ്വർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലംവരാനിരിക്കെ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിന്റെ നാട്ടിൽ ലഡു പൊട്ടുന്നു. രാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്ന 'ഒഡീഷയുടെ മകളെ' ഓർത്ത് നാട് അഭിമാനത്തിലാണ്. 20,000 ലഡുവാണ് നാട്ടുകാർ വിതരണത്തിന് തയാറാക്കുന്നത്. 

വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 280 കിലോമീറ്റർ അകലെ ഉപർബെഡയിൽ ആളുകൾ ആഘോഷ മൂഡിലായിരുന്നു. മുർമു ജനിച്ചതും വളർന്നതും ഈ ആദിവാസി ഗ്രാമത്തിലാണ്.

മുർമു വിജയിക്കുമെന്ന കാര്യത്തിൽ പൂർണആത്മവിശ്വാസത്തിലാണ് ഗ്രാമം. രാജ്യത്തിന് ആദ്യത്തെ ആദിവാസി രാഷ്ട്രപതിയെ ലഭിക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് ലഡു ഉണ്ടാക്കുന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. "ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ്. അതുകൊണ്ടാണ് ദ്രൗപതി മുർമുവിന്റെ വിജയത്തിൽ ലഡു തയ്യാറാക്കുന്നത്. ഗ്രാമത്തിൽ 20,000 ലഡുകളാണ് ഉണ്ടാക്കുന്നത്. അവരുടെ വിജയം പ്രഖ്യാപിച്ചാൽ ഗ്രാമം മുഴുവൻ ഇത് വിതരണം ചെയ്യും' -അവർ പറഞ്ഞു.

"ഒഡീഷയിൽ നിന്നുള്ള ആദിവാസി കുടുംബത്തിന്റെ സന്തതി ദ്രൗപതി മുർമു രാജ്യത്തിന്റെ രാഷ്ട്രപതിയാകും. ഇത് ഞങ്ങൾക്ക് മാത്രമല്ല, സംസ്ഥാനത്തിനാകെ അഭിമാനകരമാണ്' -മറ്റൊരാൾ പറഞ്ഞു.

മയൂർഭഞ്ച് ജില്ലയിലെ റായ് രംഗ്പൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉപർബെഡയാണ് മുർമുവിന്റെ ജന്മഗ്രാമം. ഇവരുടെ തറവാട്ടുവീട് ഇപ്പോഴും ഇവിടെയുണ്ട്. ഇപ്പോൾ അനന്തരവൻ ദുലാറാം ടുഡുവാണ് ഇവിടെ താമസിക്കുന്നത്.

റായ്‌ രംഗ്‌പൂർ പട്ടണത്തിൽ വ്യാപാരി സംഘടനകൾ, ബാർ അസോസിയേഷനുകൾ, മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ പ്രാദേശിക സംഘടനകളും സർക്കാർ ഉദ്യോഗസ്ഥരും വിജയവാർത്തക്ക് ആവേശത്തോടെ കാത്തിരിക്കുകയാണ്. ദ്രൗപതി മുർമുവിനെ അഭിനന്ദിക്കുന്ന ഹോർഡിങ്ങും ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. നാടോടി കലാകാരന്മാരും ആദിവാസി നർത്തകരും ഫലം പ്രഖ്യാപിച്ചയുടൻ ഘോഷയാത്ര നടത്താനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - Droupadi Murmu’s ancestral village celebrates with laddoos ahead of Prez poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.