മുംബൈ: ബോളിവുഡിനെ മുംബൈയിൽനിന്ന് 'കടത്താൻ' ബി.ജെ.പിയുടെ ഗൂഡാലോചനയാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിനിമ രംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നവാബ് മാലിക്കിന്‍റെ പ്രതികരണം.
'മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ് ബോളിവുഡിനെ മുംബൈയിൽനിന്ന് മാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമമല്ലാതെ മറ്റൊന്നുമല്ല' -മാധ്യമങ്ങളോട് നവാബ് മാലിക് പറഞ്ഞു.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് ഭയമാണെന്നും അതിനാലാണ് അറസ്റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സ്ഥിതി മുഴുവൻ മാറിയിരിക്കുന്നു. ആര്യൻ ഖാനെ എൻ.സി.ബി ഓഫിസിലേക്ക് വലിച്ചിഴച്ച കിരൺ ഗോസാവി ഇപ്പോൾ ജയിലിലാണ്. ആര്യൻ ഖാനും മറ്റുള്ളവർക്കും ജാമ്യം ലഭിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന ഒരാൾ കഴിഞ്ഞദിവസം കോടതിയുടെ വാതിലിൽ മുട്ടിയിരുന്നു' -നവാബ് മാലിക് പറഞ്ഞു.
ആര്യൻ ഖാൻ കേസിലെ പ്രധാന സാക്ഷിയായ കിരൺ ഗോസാവിയെ കഴിഞ്ഞദിവസം പുണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ വിവാദ സാക്ഷി കൂടിയാണ് ഇയാൾ. കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തുേമ്പാൾ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യനോടൊപ്പം ഗോസാവിയെടുത്ത സെൽഫി വൈറലായിരുന്നു.
ഗോസാവിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് ഒരു വഞ്ചന കേസുണ്ടായിരുന്നു. തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2018ലെ ഈ കേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയുടെ അറസ്റ്റ്.
'അറസ്റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സമീർ വാങ്കഡെ ബോംബെ ൈഹകോടതിയെ സമീപിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസിനെയും സമീപിച്ചിരുന്നു. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിരിക്കാം. അതിനാലാണ് തനിക്കെതിരെ നടപടിയെടുക്കുമോയെന്ന അദ്ദേഹത്തിന്‍റെ ഭയം' -മാലിക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.