ന്യൂഡൽഹി: സർക്കാർ വീടുകളുടെ വാടക, വൈദ്യുതി ബിൽ തുടങ്ങി പൊതുമുതലുകളുടെ കുടിശ്ശിക വരുത്തിയവരെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നതിൽനിന്ന് വിലക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം കേന്ദ്രസർക്കാർ തള്ളി. കമീഷൻ നിയമമന്ത്രാലയത്തിന് സമർപ്പിച്ച ശിപാർശയാണ് പ്രായോഗികമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി മടക്കിയത്.
തെരഞ്ഞെടുപ്പ് കുറ്റങ്ങൾ സംബന്ധിച്ച ജനപ്രാതിനിധ്യനിയമത്തിലെ മൂന്നാം അധ്യായം ഭേദഗതി ചെയ്ത്, കുടിശ്ശിക വരുത്തിയവർക്ക് അയോഗ്യത കൽപിക്കുന്ന വകുപ്പ് കൂട്ടിച്ചേർക്കണമെന്നായിരുന്നു കമീഷെൻറ ആവശ്യം. എന്നാൽ, കുടിശ്ശികയില്ലെന്ന് കാണിച്ച് ബന്ധപ്പെട്ട അധികാരി സ്ഥാനാർഥിക്ക് നൽകുന്ന സർട്ടിഫിക്കറ്റ് പക്ഷപാതപരമാകാൻ സാധ്യതയുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കുടിശ്ശിക വരുത്തിയ പല സംഭവങ്ങളും കോടതിയിലാണ് തീർപ്പാകാറുള്ളത്. അതിന് സമയമെടുക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിക്കുേമ്പാൾ മത്സരിക്കുന്നതിൽനിന്ന് വിലക്കുന്നത് ശരിയായ നടപടിയാകില്ലെന്ന് സർക്കാർ മറുപടിയിൽ വ്യക്തമാക്കി.
2015 ജൂലൈയിലെ ഡൽഹി ഹൈകോടതി വിധിയിലാണ് കുടിശ്ശിക വരുത്തിയവരെ മത്സരിപ്പിക്കുന്നതിൽനിന്ന് തടയാനാകുമോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് സ്ഥാനാർഥികൾ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു. അടുത്തിടെ നടന്ന ചില നിയമസഭ തെരഞ്ഞെടുപ്പുകളിൽ സർട്ടിഫിക്കറ്റ് കിട്ടാത്തതിെൻറ പേരിൽ ചിലർക്ക് മത്സരിക്കാൻ സാധിച്ചില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന സമയത്ത് നസീം സെയ്ദി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.