ചെന്നൈ: ലോകോ പൈലറ്റിന്‍റെ വേഷം ധരിച്ച് വർഷങ്ങളോളം ട്രെയിൻ ഓടിച്ച യുവാക്കൾ റെയിൽവേ പൊലീസിന്‍റെ പിടിയിൽ. ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളാണ് ഇരുവരും.
ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക് പോകവേ ശനിയാഴ്ച തമിഴ്നാട്ടിലെ ഈറോഡിൽവെച്ച് പിടിയിലാകുകയായിരുന്നു. സംശയം തോന്നിയ ഇവരെ റെയിൽവേ പൊലീസ് േഫാഴ്സ് അറസ്റ്റ് ചെയ്തു. ലോകോ പൈലറ്റ് യൂണിഫോമിലായിരുന്നു ഇവർ.
17കാരനും 22കാരനായ ഇസ്രാഫിലുമാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുവർഷമായി 17കാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു. ലോക്കോ ൈപലറ്റുമാരല്ലാത്ത ഇവർ, ട്രെയിൻ നിയന്ത്രിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് സേനയും ഞെട്ടി.
പതാകയും നെയിംബാഡ്ജുമുള്ള ലോകോ പൈലറ്റ് യൂനിഫോമും ടോർച്ച് ലൈറ്റും കണ്ടതോടെ സംശയം തോന്നിയ ആർ.പി.എഫ് ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ് ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു. താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്ന് 17കാരൻ മൊഴി നൽകുകയും ചെയ്തു.
'ബംഗാളിൽനിന്നുള്ള ഒരു ലോകോ പൈലറ്റ് അസിസ്റ്റന്‍റ് ലോകോ ൈപലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാൾക്ക് പകരം ഇരുവരും ചേർന്ന് ട്രെയിൻ ഓടിക്കും. ഗുഡ്സ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ് ഇരുവർക്കും യൂനിേഫാമും നെയിം ബാഡ്ജും ലോകോ ൈപലറ്റുമാർ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും നൽകിയിരുന്നു. കൂടാതെ പണവും നൽകും' -ആർ.പി.എഫ് പറഞ്ഞു.
17കാരന് 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ് കൂലിയായി നൽകിയിരുന്നു. 14ാം വയസുമുതൽ കുട്ടി ട്രെയിൻ ഓടിക്കുമായിരുന്നുവെന്നും പൊലീസ് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു.
ഇസ്രാഫിലിന് മൂന്നുമാസം മുമ്പ് ലോകോ പൈലറ്റ് പരിശീലനം നൽകുകയായിരുന്നു. റെയിൽവേ പൊലീസ് സംഭവം ഡിവിഷനൽ റെയിൽവേ മാനേജറെ അറിയിച്ചു. ലോകോ പൈലറ്റിനെ കണ്ടുപിടിച്ച് ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.