ന്യൂഡൽഹി: ഓരോ അവസരവും സ്വയം പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും ദുർബലനെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ചരിത്രം രേഖപ്പെടുത്തുമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ദവെയുടെ അതിരൂക്ഷമായ വിമർശനം.
ഈ അഭിമുഖത്തിന് പിന്നാലെയാണ് വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ടൈംസ് ഓഫ് ഇന്ത്യക്ക് അഭിമുഖം നൽകിയത്. തനിക്ക് യഥാർഥത്തിലുള്ളതിലും കൂടുതൽ അധികാരവും പ്രാധാന്യവുമുണ്ടെന്ന് വിശ്വസിക്കുന്ന ദുർബലനാണ് ചന്ദ്രചൂഡെന്ന് ദവെ ഥാപ്പറിനോട് പറഞ്ഞു. അദ്ദേഹം പബ്ലിസിറ്റിയെ സ്നേഹിക്കുന്നു. താൻ പറയുന്നതും ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ജീവിതം തന്നെയും അദ്ദേഹത്തിന് പൊതുജനങ്ങളെ അറിയിക്കാനുള്ളതാണ്.
46 വർഷത്തെ അഭിഭാഷകവൃത്തിക്കിടയിൽ സ്വന്തത്തിന് ഇത്രയും ദൃശ്യത നൽകിയ മറ്റൊരു ചീഫ് ജസ്റ്റിസിനെ കണ്ടിട്ടില്ല. ഇതോടെ ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെ മഹത്വം മാത്രമല്ല ഇടിയുന്നത്, സുപ്രീംകോടതിയുടെ പ്രതിച്ഛായ കൂടിയാണെന്ന് ദവെ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യം അദ്ദേഹം സ്വയം സൃഷ്ടിച്ചതാണെന്നും വിമർശനത്തിനും വിഡ്ഢിത്തതിനും സ്വയം ഇരയായതാണെന്നും ദവെ പറഞ്ഞു.
പരിഹാരം കാണാത്ത ചില കേസുകളുണ്ടെന്നും അയോധ്യ കേസ് അതുപോലെ ഒന്നായിരുന്നുവെന്നും ദൈവിക വെളിപാടിലൂടെയാണ് അത് പരിഹരിച്ചതെന്നുമുള്ള ചന്ദ്രചൂഡിന്റെ പരാമർശം നിരുത്തരവാദപരമാണെന്നും ദവെ വിർമർശിച്ചു. സ്വന്തം ഗ്രാമത്തിൽ അദ്ദേഹം ഈ പ്രസ്താവന നടത്തിയത് തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് ഗ്രാമീണർ അറിയണമെന്ന ബോധ്യത്തോടെയാണ്. ജഡ്ജിമാർക്കും ദൈവവിശ്വാസമുണ്ടാകും. എന്നാൽ, വിധി വരുന്നത് വിശ്വാസത്തിൽനിന്നാണെന്ന് ഒരാൾ പറയുന്നത് നിരുത്തരവാദപരമാണ്.
വിധിപറയുമ്പോൾ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് പറഞ്ഞാണ് ജഡ്ജിയായി പ്രതിജ്ഞയെടുക്കുന്നത്. പിന്നീട് ജഡ്ജിമാർക്ക് മാർഗനിർദേശമാകേണ്ടത് നിയമമല്ലാതെ മറ്റൊന്നുമല്ല. നിയമമാണ് വിധിയായിത്തീരുന്നത്. അയോധ്യ വിധി പുറപ്പെടുവിച്ചശേഷം അദ്ദേഹമടക്കം അഞ്ച് ജഡ്ജിമാർ സമൂഹത്തിലെ ഉപരിവർഗം മാത്രം പോകുന്ന ഡൽഹി താജ് ഹോട്ടലിലെ പഞ്ചനക്ഷത്ര ക്ലബിൽ പോയി ആഘോഷിച്ചതിന്റെ ബിൽ അടച്ചത് ആരാണെന്ന് തനിക്കറിയാം. അതിനുശേഷവും ആ വിധി ദൈവികമാണെന്ന് പറയുന്നത് വൈരുധ്യമാണെന്നും ദവെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.