ന്യൂഡൽഹി: ശൈശവ വിവാഹം പൂർണമായി അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാതെ രാജ്യം. ഈ കാര്യത്തിൽ, സമീപ വർഷങ്ങളിൽ ഇന്ത്യ പിറകോട്ടുപോവുകയാണെന്ന് പഠന റിപ്പോർട്ട്. അഞ്ചിലൊരു പെൺകുട്ടിയും ആറിലൊരു ആൺകുട്ടിയും നേരത്തെ വിവാഹിതരാകുന്നതായി ‘ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത്’ ജേണൽ പുറത്തുവിട്ട പഠനം പറയുന്നു.
2016നും 2021നുമിടയിൽ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശൈശവ വിവാഹങ്ങൾ കൂടുന്നതായാണ് കണ്ടെത്തൽ. മണിപ്പൂർ, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പെൺകുട്ടികളിലെ വിവാഹം വർധിച്ചപ്പോൾ ഛത്തിസ്ഗഢ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ആൺകുട്ടികൾ വിവാഹിതരാകുന്ന പ്രവണതയും കൂടിയിട്ടുണ്ട്. 1993 മുതൽ 2021 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പ്രധാനമായും റിപ്പോർട്ട് തയാറാക്കിയത്.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ വർധനയുണ്ടെങ്കിലും ദേശീയ ശരാശരി പരിഗണിക്കുമ്പോൾ ശൈശവ വിവാഹം കുറഞ്ഞുവരുകയാണെന്നും ഹാർവാഡ് യൂനിവേഴ്സിറ്റി ഗവേഷകരടക്കം ചേർന്നുള്ള പഠനം കണ്ടെത്തി. മനുഷ്യാവകാശ ലംഘനമായാണ് യു.എൻ ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) ശൈശവ വിവാഹത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.